പുതുനഗരം: വാഹനാപകടങ്ങളും ഗതാഗതതടസവും പതിവാകുന്ന പെരുവെന്പ് നാലുമൊക്ക് ജംഗ്ഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിച്ച് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തം. പാലത്തുള്ളി, മന്ദത്തുകാവ്, പുതുനഗരം, കിണാശേരി എന്നിവിടങ്ങളിൽനിന്നുള്ള പാത ഒന്നിക്കുന്ന സ്ഥലമാണിത്.
ഒരാഴ്ചമുന്പ് ഇരുചക്രവാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിച്ച് പാലത്തുള്ളി കുന്നംകാട് ദേവന്റെ ഭാര്യ മരണമടഞ്ഞിരുന്നു. ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിൽ തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയ്ക്കിടെയായിരുന്നു മരണം. മുന്‍പും ഇവിടെ നിരവധി അപകടങ്ങളുമുണ്ടായിട്ടുണ്ട്.
നിലവിൽ പുതുനഗരം-പാലക്കാട് പ്രധാനപാതയിൽ അന്‍പതിൽ കൂടുതൽ ബസുകൾ സർവീസ് നടത്തുന്നുണ്ട്. കൂടാതെ തുടർച്ചയായി നിരവധി വാഹനങ്ങളും ചീറിപ്പായുകയാണ്. രാവിലെയും വൈകുന്നേരങ്ങളിലും വിദ്യാർഥികൾ റോഡു മുറിച്ചു കടക്കുന്നത് ഭീതിയോടെയാണ്.
പ്രായാധിക്യമുള്ളവർക്ക് പരസഹായം കൂടാതെ പാത മറികടക്കാൻ കഴിയില്ല. പാലത്തുള്ളി, മന്ദത്തുകാവ് എന്നിവിടങ്ങളിൽനിന്നും വരുന്ന വാഹനങ്ങൾ പെരുവെന്പ് പ്രധാനപാത മുറിച്ചു കടക്കുന്നത് ഏറെ ബുദ്ധിമുട്ടിയാണ്. ചികിത്സയ്ക്കായി കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി പ്രദേശങ്ങളിൽനിന്നു രോഗികളുമായെത്തുന്ന വാഹനങ്ങളും ഗതാഗതതടസത്തിൽ അകപ്പെടുന്നതു പതിവാണ്.