രാവിലെ നടക്കാനിറങ്ങിയ സ്ത്രീകളെ പനമ്പിള്ളി നഗറില്‍ വച്ച് ഉപദ്രവിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ കോട്ടയം കുറവിലങ്ങാട് കുളത്തൂര്‍ സ്വദേശി ഇമ്മാനുവല്‍ സി.കുര്യന് (31) കടുത്ത ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്ന് പോലീസ്.
ഇയാള്‍ ഉപദ്രവിക്കുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ മുന്‍കൂട്ടി വാട്സാപ്പിലൂടെ പ്രചരിപ്പിക്കും. ഇതിനായി അശ്ലീലപേരില് 50ലേറെ പേരടങ്ങുന്ന അശ്ലീല ഗ്രൂപ്പ് തുടങ്ങിയതായും പോലീസ് പറയുന്നു.
ദിവസവും പുലര്‍ച്ചെ മൂവാറ്റുപുഴയില്‍നിന്ന് കൊച്ചിയിലെത്തിയാണ് പ്രതി കുറ്റകൃത്യം ചെയ്തിരുന്നതെന്നും പോലീസ് അറിയിച്ചു.
മൂവാറ്റുപുഴയിലെ വാഹന ഷോറൂമില്‍ സര്‍വീസ് എന്‍ജിനീയറായി ജോലി ചെയ്യുകയാണ് ഇയാള്‍.
നമ്പര്‍ പ്ലേറ്റ് നീക്കിയ സ്കൂട്ടറില്‍ കറങ്ങി നടന്നാണ് ഇയാള്‍ സ്ത്രീകളെ ശല്യം ചെയ്തിരുന്നത്. സ്കൂട്ടറിനു നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതിനാല്‍ ഇയാളെ പിടികൂടാന്‍ പോലീസിന് ഏറെ പണിപ്പെടേണ്ടി വന്നു.
പോലീസ് അന്വേഷണം നടക്കുമ്പോഴും ഇയാള്‍ പതിവു പരിപാടികള്‍ തുടര്‍ന്നു. കടവന്ത്ര, പനമ്പിള്ളി നഗര്‍ മേഖലകളില്‍ കറങ്ങിനടന്നു സ്ത്രീകളെ നിരന്തരം ശല്യം ചെയ്തിരുന്ന ഇയാള്‍ക്കെതിരെ സൗത്ത് പോലീസ് സ്റ്റേഷനില്‍ നാലു കേസുകളുണ്ട്.
വാട്സാപ് ഗ്രൂപ്പിലൂടെ, ഇയാള്‍ ഉപദ്രവിച്ച പെണ്‍കുട്ടികളുടെ മുന്‍കൂട്ടിയെടുത്ത ചിത്രങ്ങള്‍ സ്ഥലം അടക്കം അടയാളപ്പെടുത്തി പ്രചരിപ്പിച്ചതായും പോലീസ് കണ്ടെത്തി.
പരാതി വ്യാപകമായതിനെ തുടര്‍ന്നു സിറ്റി പൊലീസ് കമ്മിഷണര്‍ ഷാഡോ പോലീസിനെ നിയോഗിക്കുകയായിരുന്നു. തുടര്‍ന്ന് പനമ്പിള്ളി നഗര്‍ മേഖലയില്‍ പോലീസ് ഇയാള്‍ക്കുവേണ്ടി പരിശോധന ശക്തമാക്കി.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്. പനമ്പിള്ളി നഗര്‍ ഭാഗത്തു നിന്നുള്ള 75 സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തില്‍ (ഐടിഎംഎസ്) ഉള്‍പ്പെട്ട നൂറോളം ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിച്ചു.
ലഭ്യമായ ദൃശ്യങ്ങള്‍ താരതമ്യം ചെയ്തുള്ള പരിശോധനയിലൂടെയാണു പ്രതിയെ തിരിച്ചറിഞ്ഞത്.
ഇന്‍ഫോ പാര്‍ക്ക് ഭാഗത്തുള്‍പ്പെടെ പലയിടങ്ങളിലും ഇയാള്‍ സ്കൂട്ടറില്‍ കറങ്ങി നടന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.