ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിന് വധശിക്ഷ. പെഷാവാറിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് വധശിക്ഷ നൽകിയിരിക്കുന്നത്. ഭരണഘടന അട്ടിമറിച്ച് 2007-ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സംഭവത്തിൽ മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുത്തിരുന്നു.
2013 ഡിസംബറിലാണ് മുഷറഫിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റത്തിൽ കേസടുത്തത്. 2014 മാർച്ച് 14-ന് കുറ്റംചുമത്തുകയുംചെയ്തു. എന്നാൽ, 2016 മാർച്ചിൽ മുഷറഫ് രാജ്യംവിട്ടു. ഇപ്പോൾ ദുബായിലാണ് താമസം.
നവംബർ 28-ന് ഈ കേസിന്റെ വിധി പ്രഖ്യാപിക്കുന്നതിൽനിന്ന് സ്പെഷ്യൽ ട്രൈബ്യൂണലിനെ വിലക്കിക്കൊണ്ട് ഇസ്ലാമാബാദ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പ്രത്യേക പ്രോസിക്യൂഷൻ ടീമിനെ നിയമിക്കണമെന്ന നിർദേശവും നൽകിയിരുന്നു. കേസിൽ പ്രോസിക്യൂട്ടർമാരായി നവാസ് ഷെരീഫ് സർക്കാർ നിയമിച്ച അഭിഭാഷകരെ പിരിച്ചുവിട്ടതിനെത്തുടർന്നായിരുന്നു ഇത്.