മൃഗങ്ങളെ മക്കളെപ്പോലെ സ്നേഹിക്കുന്ന ആളുകൾ നമുക്ക് ചുറ്റുമുണ്ട്. വീട്ടിലെ ഒരു അംഗത്തെ പോലെയാണ് അവർ തങ്ങൾ വളർത്തുന്ന മൃഗങ്ങളെ പരിപാലിക്കുന്നത്. എന്നാൽ വീട്ടുകാരല്ലാതെ മറ്റുള്ളവർക്ക് നമ്മുടെ മൃഗങ്ങളെ നമ്മൾ സ്നേഹിക്കുന്ന പോലെ സ്നേഹിക്കാനും പരിപാലിക്കാനുമൊക്കെ കഴിഞ്ഞെന്ന് വരില്ല. ആശിഷ് ഗോയൽ എന്ന 51കാരൻ തന്റെ വളർത്തു നായയ്ക്കായി നിയമ പോരാട്ടത്തിന് പോകുന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മറ്റൊന്നുമല്ല, അദ്ദേഹത്തിന്റെ അന്ധനായ വളർത്തു നായയെ ലിഫ്റ്റിനുള്ളിൽ കയറ്റാൻ തന്റെ ഫ്ലാറ്റിലെ മറ്റ് താമസക്കാർ അനുവദിക്കാത്തതിനാണ് ആശിഷ് നിയമ പോരാട്ടത്തിനായി ഇറങ്ങിത്തിരിച്ചത്. ഗണപത്രാവു കദം മാർഗിലെ മാരത്തൺ എറ കോപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയുടെ എറ-2 കെട്ടിടത്തിലെ 22 -ാം നിലയിലാണ് ഗോയൽ താമസിക്കുന്നത്.
കെട്ടിടത്തിലെ മൂന്ന് ലിഫ്റ്റിലും നായയെ കൊണ്ടുപോകാൻ കഴിയില്ല എന്നാണ് അവിടുത്തെ കമ്മിറ്റിയുടെ തീരുമാനം. അതോടെ വളർത്തുമൃഗങ്ങളുടെ അവകാശം സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട്ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകയായ സിദ്ധ് വിദ്യ വഴി ഒരു പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തിരിക്കുകയാണ് ആശിഷ് ഗോയൽ.
അന്ധനായ ഓസി എന്ന നായയെ കഴിഞ്ഞ വർഷമാണ് ആഷിഷ് ദത്തെടുത്തത്. എന്നാൽ കുറച്ച് മാസത്തിനു ശേഷം സൊസൈറ്റിയിലെ ഒരംഗം നായയെ ലിഫ്റ്റിൽ കൊണ്ടുപോകാൻ പാടില്ല എന്ന് ഗോയലിനോട് പറഞ്ഞു. പലരോടും ഇതിനെ കുറിച്ച് പറഞ്ഞപ്പോൾ അവരെല്ലാം ഗോയലിനെ എതിർക്കുകയായിരുന്നു. അതോടെയാണ് നിയമ പോരാട്ടത്തിന് ഇറങ്ങിത്തിരിച്ചത്.