ബെയ്ജിംഗ്: തന്റെ വളർത്തുനായയെ വിഷം നൽകി കൊന്നയാളെ ജയിലിലാക്കാൻ 700 ദിവസംകൊണ്ടു നിയമപഠനം പൂർത്തിയാക്കി ചൈനീസ് യുവതി. ബെയ്ജിംഗിൽനിന്നുള്ള ലീ യിഹാ എന്ന സ്ത്രീയാണു പാപ്പി എന്ന തന്റെ വളർത്തുനായയെ കൊന്നയാൾക്കു ശിക്ഷ വാങ്ങിക്കൊടുക്കാൻ സ്വയം വാദിക്കാനായി നിയമം പഠിച്ചത്.
വൈറ്റ് വെസ്റ്റ് ഹൈലാൻഡ് ടെറിയർ ഇനത്തിൽപ്പെട്ട നായ, ലീക്ക് സ്വന്തം കുടുംബാംഗത്തെപ്പോലെയായിരുന്നു. 2022 സെപറ്റംബർ 14ന് വീടിനു സമീപത്തെ കളിസ്ഥലത്ത് സവാരിക്കിറക്കിയ നായ വിഷബാധയേറ്റു ജീവൻ വെടിഞ്ഞു. ഏഴുമണിക്കൂറിലധികം മരണവേദനയാൽ പുളഞ്ഞശേഷമായിരുന്നു നായക്കുട്ടിയുടെ ദാരുണമരണം. പാപ്പിക്കൊപ്പം വേറെ നായ്ക്കളും പൂച്ചകളും വിഷബാധയേറ്റു ചത്തിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രദേശവാസിയായ ഴാങ് എന്ന 65 കാരനാണ് മൃഗങ്ങൾക്ക് വിഷബാധയേറ്റതിനു പിന്നിലെന്നു കണ്ടെത്തി.
തന്റെ വാഹനത്തിൽ മൂത്രമൊഴിച്ച നായ്ക്കളോടുള്ള പ്രതികാരമായി വിഷം വച്ച കോഴിയിറച്ചി മൃഗങ്ങൾക്കു കൊടുക്കുകയായിരുന്നുവെന്നു ഴാങ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പ്രിയ നായയുടെ മരണത്തിൽ മനംനൊന്ത ലീ, ഉത്തരവാദിയായ ഴാങ്ങിനെ ജയിലിലാക്കുമെന്നു ശപഥമെടുത്തു. ഴാങ്ങിനെതിരേ കേസ് ഫയൽ ചെയ്ത അവർ, തനിക്കുണ്ടായ വൈകാരിക നാശനഷ്ടങ്ങൾക്കും നായയുടെ ചികിത്സാ ചെലവുകൾക്കും നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. അവിടംകൊണ്ടും നിർത്തിയില്ല. ജോലി ഉപേക്ഷിച്ച് നിയമം പഠിച്ച ലീ, കോടതിയിൽ കേസ് വാദിക്കുകയും ചെയ്തു.
ചൈനയിൽ വിഷബാധമൂലം 2,00,000 യുവാനിൽ (23,47,000 രൂപ) കൂടുതൽ നാശനഷ്ടമുണ്ടായാൽ, കുറ്റവാളിക്ക് ജീവപര്യന്തം തടവ് അനുഭവിക്കേണ്ടിവരും. എന്നാൽ, ഇരയായ വളർത്തുമൃഗങ്ങളുടെ മൂല്യം വിലയിരുത്തുന്നതിലെ ബുദ്ധിമുട്ട് കാരണം ഴാങ്ങിന്റെ വിചാരണ ഇപ്പോഴും തുടരുകയാണ്. വിഷബാധയേറ്റു ചത്ത മറ്റു മൃഗങ്ങളുടെ ഉടമകളും വിധിക്കായി കാത്തിരിക്കുകയാണ്. അന്തിമവിധി തൃപ്തികരമല്ലെങ്കിൽ അപ്പീൽ നൽകുമെന്നു ലീ പറഞ്ഞു.