മനുഷ്യരോട് എളുപ്പത്തിൽ അടുക്കുന്ന മൃഗങ്ങളാണ് നായകൾ. മനുഷ്യരുമൊത്തുള്ള നായകളുടെ പല വീഡിയോയകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ചൈനയിൽ നിന്നും സമാനമായ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
മരിച്ചുപോയ ഉടമയുടെ ശവകുടീരത്തിനടുത്ത് രണ്ടര വർഷത്തോളം ചെലവഴിച്ച ഒരു നായയുടെ വാർത്തയാണ് പുറത്ത് വരുന്നത്. ഭക്ഷണവും വെള്ളവും കിട്ടാതെ ശാരീരികമായി ആരോഗ്യം ക്ഷയിച്ച നായയെ മറ്റൊരു മൃഗസ്നേഹി രക്ഷിച്ചു. ഇൻഫ്ലുവൻസറും ജിയാംഗ്സി പ്രവിശ്യയിലെ തെരുവുനായകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടറിന്റെ ഉടമയുമായ വ്യക്തിയാണ് നായയുടെ സംരക്ഷകനായി എത്തിയത്.
തന്റെ ഉടമയുടെ മരണശേഷം തീർത്തും ഒറ്റപ്പെട്ടുപോയ നായ മറ്റെങ്ങും പോകാതെ ഉടമയെ മറവു ചെയ്തിടത്തു തന്നെ നില ഉറപ്പിക്കുകയായിരുന്നു. നിരവധി ആളുകൾ നായയെ ശവകുടീരത്തിനടുത്തു നിന്നും രക്ഷിക്കാൻ നോക്കി. എങ്കിലും നായ വീണ്ടും ഉടമയുടെ ശവകുടീരത്തിനടുത്തേക്ക് തിരിച്ചെത്തി.
നായയെ രക്ഷപെടുത്തിയ വ്യക്തി ‘വിധേയത്വം ഉള്ളവൻ’ എന്നർഥം വരുന്ന ‘സോംഗ്ബാവോ’ എന്നാണ് നായയ്ക്ക് നൽകിയിരിക്കുന്ന പേര്.