ഈ നിമിഷം ജീവിച്ചിരിക്കുന്നതിന് മേരിക്കുട്ടിയും കുടുംബവും മാസം മുന്‍പ് വീട്ടില്‍ വന്നു കയറിയ റാണിയെന്ന നായയ്ക്കു നന്ദി പറയുകയാണ്. അവള്‍ ഇല്ലായിരുന്നെങ്കില്‍ ഇവര്‍ ഒരു പക്ഷെ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല. നെടുംകുന്നം തൊട്ടിക്കല്‍ ചെരുവില്‍ മേരിക്കുട്ടിയും മകള്‍ പ്രിയയും പേരക്കുട്ടികളായ ഹൃദ്യ, വേദ എന്നിവരുമാണ് വളര്‍ത്തുനായ കാരണം വൈദ്യുതഘാതമേല്‍ക്കാതെ രക്ഷപ്പെട്ടത്.
കനത്ത മഴയിലും കാറ്റിലും തേക്ക് ഒടിഞ്ഞു വീണ് വൈദ്യുത ലൈന്‍ പൊട്ടി റോഡില്‍ വീണതറിയാതെയാണ്, തൊട്ടിക്കലെ കടയടച്ച് ഇവര്‍ വീട്ടിലേക്ക് തിരിച്ചത്. മുന്‍പില്‍ നടന്ന നായ വൈദ്യുതഘാതമേറ്റ് തെറിച്ചുവീണു. എന്നാല്‍ ഇതൊന്നുമറിയാതെ ഇവര്‍ മുമ്പിലേക്ക് നീങ്ങിയപ്പോള്‍ നായ കുരച്ചു കൊണ്ട ഇവരെ തടയുകയായിരുന്നു. തുടര്‍ന്ന്
ടോര്‍ച്ചടിച്ച് പരിശോധിച്ചപ്പോഴാണ് ലൈന്‍ പൊട്ടിയത് കണ്ടത്.
കറുകച്ചാലിലെ കെഎസ്ഇബിയില്‍ വിവരമറിയിച്ചു. ഇതേത്തുടര്‍ന്ന് ജീവനക്കാരെത്തി ലൈന്‍ ഓഫ് ചെയ്തു. വൈദ്യുതഘാതമേറ്റതിനു പിന്നാലെ ഓടിപ്പോയ നായയെ കാണാത്ത വിഷമത്തിലായിരുന്നു വീട്ടുകാര്‍. ഒടുവില്‍ ഇന്നലെ രാവിലെ നായ തിരികെ വീട്ടിലെത്തി. രണ്ടു മാസം മുന്‍പ് വീട്ടില്‍ വന്നു കയറിയ നായ ജീവന്‍ രക്ഷിച്ചതിന്റെ ആശ്വാസത്തിലാണു മേരിക്കുട്ടിയും കുടുംബവും. റാണിയുടെ കാലിന് പരിക്കുണ്ട്.