മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ നിരവധി കഥകളാണ് നാം കേട്ടിരിക്കുന്നത്. മനുഷ്യരോട് ഏറ്റവും സ്നേഹമുള്ള ജീവി എന്നാണ് നായകളെ കരുതുന്നത്. ജപ്പാനിലെ ഹാച്ചിക്കോയുടെ കഥ കേള്‍ക്കാത്തവരുണ്ടാകില്ല.
ഇതിനു സമാനമായ ഒരു ബന്ധത്തിന്റെ കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒരു ഡോക്ടറിന്റെയും അവരുടെ വളര്‍ത്തുനായയുടെയും കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കരളലിയിക്കുന്നത്.
ഉടമയുടെ മരണത്തിനു പിന്നാലെ കെട്ടിടത്തിനു മുകളില്‍ നിന്നു ചാടി ജീവനവസാനിപ്പിച്ച നായയെക്കുറിച്ചാണ് എല്ലാ ചര്‍ച്ചകളും. ഉത്തര്‍ പ്രദേശിലാണ് സംഭവം.
കാണ്‍പുരിലെ ബാര-2 ഏരിയയില്‍ താമസിക്കുന്ന ഡോ. അനിതരാജ് സിങിന്റെ മരണത്തിന് പിന്നാലെയാണ് വളര്‍ത്തുനായ ജയ ഉയരമേറിയ കെട്ടിടത്തിനു മുകളില്‍ കയറി താഴേക്ക് ചാടിയത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ചയാണ് ഡോ. അനിത രാജ് മരിച്ചത്.
മൃതദേഹം ഇവരുടെ അപ്പാര്‍ട്ട്മെന്റില്‍ എത്തിച്ചതിനു തൊട്ടു പിന്നാലെയാണ് ഇവരുടെ വളര്‍ത്തുനായ കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേയ്ക്കു ചാടിയതെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.
പന്ത്രണ്ട് വര്‍ഷം മുന്‍പ് തെരുവില്‍നിന്നും പുഴുവരിച്ച നിലയിലാണ് ജയയെ ഡോ.അനിതയ്ക്ക് ലഭിച്ചത്. നായ്കുട്ടിയെ ഡോക്ടര്‍ ഏറ്റെടുക്കുകയും ഏറെ ശ്രമപ്പെട്ട് ചികിത്സയും പരിചരണങ്ങളും നല്കി ജീവിതത്തിലേയ്ക്ക് തിരികെയെത്തിക്കുകയും ചെയ്തു.
ജയ എന്ന പേരു നല്കിയതും ഡോക്ടറാണ്. സ്വന്തം കുഞ്ഞിനെപ്പോലെയാണ് ഡോക്ടര്‍ അതിനെ വളര്‍ത്തിയതെന്ന് മകന് തേജസ് പറയുന്നു.
വൃക്കരോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ഡോ. അനിത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ചയോടെ രോഗം മൂര്‍ച്ഛിക്കുകയും അവര്‍ മരിക്കുകയും ചെയ്തു.
മൃതദേഹം വീട്ടിലെത്തിച്ചതോടെ ജയ അസ്വസ്ഥയാവുകയും തുടര്‍ച്ചയായി കുരയ്ക്കുകയും ചെയ്തു. തുടര്‍ന്ന് കെട്ടിടത്തിന്റെ ടെറസിലേയ്ക്ക് ഓടിക്കയറി, താഴേയ്ക്കു ചാടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. നാലു നില കെട്ടിടത്തിനു മുകളില്‍നിന്ന് താഴെ വീണ് ഗുരുതരമായി പരിക്കേറ്റ നായയെ മൃഗഡോക്ടറുടെ അടുത്തെത്തിച്ചെങ്കിലും ചാവുകയായിരുന്നു.
ഉയരത്തില്‍നിന്നുള്ള വീഴ്ചയില്‍ നായയുടെ നട്ടെല്ല് തകര്‍ന്നതാണ് മരണത്തിനിടയാക്കിയത്. ഡോ. അനിത ആശുപത്രിയില്‍ ചികിത്സയിലായതു മുതല്‍ ശരിയായി ഭക്ഷണം കഴിക്കാതെ നായ ക്ഷീണിതയായിരുന്നു. ഡോ. അനിത രാജിന്റെ ശവസംസ്കാരത്തിനു പിന്നാലെ വളര്‍ത്തുനായയുടെ മൃതദേഹവും വീടിനടുത്ത് സംസ്കരിച്ചു.