കൊച്ചി: ഉത്പന്നം യഥാസമയം ഉപഭോക്താവിന് എത്തിക്കുന്നതിൽ വീഴ്ച വരുത്തിയ ഓൺലൈൻ വ്യാപാരി ഉപഭോക്താവിന് 20,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ കോടതി ഉത്തരവിട്ടു.
പള്ളുരുത്തി സ്വദേശിയായ എൻജനിയറിംഗ് വിദ്യാർഥി ഹരിഗോവിന്ദ് സമർപ്പിച്ച പരാതിയിൽ ചെന്നൈയിലെ ജെജെ പെറ്റ് സോൺ എന്ന ഓൺലൈൻ സ്ഥാപനത്തിനെതിരേയാണ് കോടതി ഉത്തരവ്.
20,000 രൂപ പരാതിക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി അധ്യക്ഷൻ ഡി.ബി. ബിനു, വി.രാമചന്ദ്രൻ , ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് നിർദേശം നൽകി.
പരാതിക്കാരൻ 5,517 രൂപ നൽകി 10 കിലോ വരുന്ന രണ്ട് പാക്കറ്റ് “പപ്പി ഡ്രൈ ഫുഡ് ” ഓൺലൈനിൽ ഓർഡർ ചെയ്തിരുന്നു.
ഡെലിവറി ചാർജ് ഈടാക്കാതെ രണ്ട് ദിവസത്തിനകം ഉത്പന്നം വീട്ടിലെത്തിക്കും എന്നതാണ് എതിർ കക്ഷിയുടെ വാഗ്ദാനം.
എതിർ കക്ഷിയെ പല തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല . പണം സ്വീകരിച്ചതിനു ശേഷവും ഉത്പന്നം യഥാസമയം നൽകാത്ത എതിർ കക്ഷിയുടെ നടപടി സേവനത്തിലെ അപര്യാപ്തയാണെന്നായിരുന്നു പരാതി.
നഷ്ടപരിഹാരം 9 ശതമാനം പലിശസഹിതം 30 ദിവസത്തിനകം എതിർ കക്ഷികൾ നൽകണമെന്നും കോടതി നിർദേശിച്ചു. പരാതിക്കാരനു വേണ്ടി അഡ്വ. തോമസ് ജേക്കബ് ഹാജരായി.