കൊച്ചി: നെട്ടൂരിലെ പെറ്റ് ഷോപ്പിൽനിന്നും എൻജിനീയറിംഗ് വിദ്യാർഥികൾ നായ്ക്കുട്ടിയെ മോഷ്ടിച്ച സംഭവത്തിൽ പ്രതികളിലേക്ക് എത്തിച്ചത് ഗൂഗിൾ പേ ഇടപാടിലെ വിവരങ്ങൾ.
കേസുമായി ബന്ധപ്പെട്ട് കർണാടക കർക്കളയിലെ എൻജിനീയറിംഗ് കോളജ് വിദ്യാർഥികളായ നിഖിൽ (23) ശ്രേയ (23) എന്നിവരെയാണ് പനങ്ങാട് പ്രിൻസിപ്പൽ എസ്ഐ ജിൻസൻ ഡൊമിനിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മംഗളൂരുവിൽനിന്ന് ഇന്നലെ ഉച്ചയോടെ കസ്റ്റഡിയിലെടുത്തത്.
45 ദിവസം പ്രായമുളള നായ്ക്കുട്ടിയെ ഇവരുടെ താമസസ്ഥലത്തുനിന്ന് കണ്ടെത്തി. ഇവർ സഞ്ചരിച്ചിരുന്നു ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ ഇന്നു പുലർച്ചെ കൊച്ചിയിലെത്തിച്ചു. ഉടൻ അറസ്റ്റ് രേഖപ്പെടുത്തും.
അവധിക്കാലം ചെലവഴിക്കാൻ കേരളത്തിലെത്തിയ ഇരുവരും കഴിഞ്ഞ 28ന് രാത്രി ഏഴോടെയാണ് നെട്ടൂരിലെ കടയിൽ നിന്നും 15,000 രൂപ വിലയുള്ള സ്വിഫ്റ്റർ ഇനത്തിൽപ്പെട്ട നായ്കുട്ടിയെ ഹെൽമറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്തിയത്.
ഇടപ്പള്ളി സ്വദേശിയിൽനിന്ന് കടയുടമ വാങ്ങിച്ച മൂന്ന് നായ്ക്കുട്ടികളിൽ ഒന്നിനെയാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്. നായ്ക്കുട്ടിയെ വാങ്ങിക്കുന്നതിന് ആലപ്പുഴ സ്വദേശി എത്തിയപ്പോഴാണ് ഒന്നിനെ കാണാനില്ലെന്നത് ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് കടയിലെത്തിയ യുവതിയും യുവാവും നായ്ക്കുട്ടിയെ മോഷ്ടിച്ചത് കണ്ടെത്തിയത്. തുടർന്ന് കടയുടമ പോലീസിൽ വിവരം അറിയിക്കുകയുണ്ടായി.
തുടർന്ന് നടന്ന അന്വേഷണത്തിൽ വൈറ്റിലയിലെ മറ്റൊരു പെറ്റ് ഷോപ്പിൽ തീറ്റയും മോഷ്ടിച്ചതായി കണ്ടെത്തി.
തുന്പുണ്ടാക്കിയ 115 രൂപ
അതേസമയം മറ്റൊരു കടയിൽ മോഷണത്തിന് ശ്രമിക്കുന്നതിനിടയിൽ ഉടമ വന്നതിനാൽ ഇവർ 115 രൂപ ഗൂഗിൾ പേ ചെയ്താണ് അവിടെ നിന്ന് മടങ്ങിയത്. അതാണ് ഈ കേസിൽ പോലീസിന് തുന്പായത്.
ഗൂഗിൾ പേ ചെയ്ത നന്പർ ശ്രേയയുടേതായിരുന്നു. ആ നന്പറും ഇവർ സഞ്ചരിച്ച വാഹനത്തിന്റെ നന്പറും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് വൈകുന്നേരത്തോടെ ഇരുവരും പോലീസ് പിടിയിലായത്.
കാവേരി സ്വദേശിയായ നിഖിലും, ഷിമോഗ സ്വദേശിനിയായ ശ്രേയയും വീട്ടുകാരുടെ അറിവോടെ കോളജിനോട് ചേർന്ന് ഒന്നിച്ചാണ് കഴിഞ്ഞിരുന്നത്.
പോലീസ് ഇവരുടെ താമസസ്ഥലത്തെത്തുന്പോൾ ശ്രേയ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവിടെ കാത്തിരുന്നശേഷമാണ് പോലീസ് നിഖിലിനെയും പിടികൂടിയത്.
നായ്ക്കുട്ടി ആരോഗ്യവാനാണ്. ഒരു രസത്തിനുവേണ്ടിയാണ് ഇവർ നായ്ക്കുട്ടിയെ മോഷ്ടിച്ചതെന്നാണ് പോലീസ് സംഘത്തോട് പറഞ്ഞത്.
പനങ്ങാട് പോലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ എസ്ഐ ജിൻസണ് ഡൊമിനിക്, എസ്ഐ ജി. ഹരികുമാർ, സീനിയർ സിപിഒമാരായ എസ്. സുധീഷ്, എം. മഹേഷ്, ഷീബ എന്നിവരുൾപ്പെട്ട പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.