ന്യൂഡൽഹി: ആക്രമണകാരികളായ വിദേശനായകളെ വിൽക്കുന്നതും വളർത്തുന്നതും കേന്ദ്രസർക്കാർ നിരോധിച്ചു. പിറ്റ് ബുൾ ടെറിയർ, ടോസ ഇനു, അമേരിക്കൻ സ്റ്റാഫോർഡ്ഷയർ ടെറിയർ, ഫില ബ്രസിലേരിയോ, ഡോഗോ അർജന്റീനോ, അമേരിക്കൻ ബുൾഡോഗ്, ബോർബോൽ, കംഗൽ, വിവിധ ഷെപ്പേർഡ് നായ്ക്കൾ, ടോൺജാക്ക്, ബാൻഡോഗ്, സർപ്ലാനിനാക്, ജാപ്പനീസ് ടോസ, അക്കിറ്റ, മാസ്റ്റിഫ്സ്, റോട്ട്വീലേഴ്സ്, റോഡേഷ്യൻ റിഡ്ജ്ബാക്ക്, ചെന്നായ നായ്ക്കൾ, കാനറിയോ, അക്ബാഷ്, മോസ്കോ ഗാർഡ്ഡോഗ് തുടങ്ങിയ ഇനങ്ങളെയാണ് നിരോധിച്ചത്.
മനുഷ്യജീവന് ഭീഷണിയായ ഇത്തരം ഇനങ്ങളുടെ വിൽപ്പന, പ്രജനനം, സൂക്ഷിക്കൽ എന്നിവയ്ക്ക് ലൈസൻസുകളോ അനുമതികളോ നൽകുന്നില്ലെന്ന് ഉറപ്പാക്കണമെന്നാണ് മൃഗസംരക്ഷണ മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു.
ഇക്കാര്യം ആവശ്യപ്പെട്ടു ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്രം കത്തെഴുതി. മൃഗസംരക്ഷണ കമ്മീഷണർ അധ്യക്ഷനായ ഒരു വിദഗ്ധ സമിതിയും ഇത്തരം നായ്ക്കളുടെ ഇറക്കുമതി നിരോധിക്കണമെന്ന് ശിപാർശ ചെയ്തു.
ചില ഇനം നായകളാൽ കുട്ടികളും പ്രായമായ പൗരന്മാരും പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നതിൽനിന്നു സംരക്ഷിക്കണമെന്നു പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ് (പെറ്റ) ഇന്ത്യ ആവശ്യപ്പെട്ടതിന് ദിവസങ്ങൾക്കകമാണ് ഈ നീക്കം.