തൃശൂർ: ഉടമകളുടെ അമിതലാളന വളർത്തുമൃഗങ്ങളെ ഹൃദ്രോഗികളാക്കുന്നതായി പഠനറിപ്പോർട്ട്. വാത്സല്യക്കൂടുതൽ കാരണം ഓമനമൃഗങ്ങൾക്ക് അളവിൽ കൂടുതൽ ഭക്ഷണം നല്കുന്നതാണു രോഗാവസ്ഥയ്ക്കു കാരണം. മനുഷ്യരെപ്പോലെ വളർത്തുമൃഗങ്ങളും ജീവിതശൈലീരോഗങ്ങളാൽ വലയുകയാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ സൗജന്യ ഹൃദ്രോഗനിർണയ ക്യാന്പിന് ഒരുങ്ങുകയാണ് മണ്ണുത്തി വെറ്ററിനറി ആശുപത്രിയിലെ മെഡിക്കൽ യൂണിറ്റ്.
രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിനുമുന്പേ രോഗനിർണയം നടത്തി വളർത്തുമൃഗങ്ങളുടെ ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാൻ അവസരമൊരുക്കുകയാണു ലക്ഷ്യം.നാലുവയസിനു മുകളിലുള്ള നായകൾക്കാണു ഹൃദ്രോഗം കൂടുതലായും കണ്ടുവരുന്നത്. കൊഴുപ്പുകൂടിയ ഭക്ഷണങ്ങളാണു വില്ലനാകുന്നത്.
ഹൃദയപേശികളിൽ കൊഴുപ്പടിഞ്ഞു രക്തം പമ്പ് ചെയ്യാനുള്ള കഴിവു നഷ്ടപ്പെടുന്നതാണു രോഗാവസ്ഥ. ഭക്ഷണം കഴിക്കാതിരിക്കുക, ശ്വാസതടസം, ചുമ, കിതപ്പ്, ക്ഷീണം, ഭാരക്കുറവ് തുടങ്ങിയവയാണു ലക്ഷണങ്ങൾ. വീട്ടിൽ വളർത്തുന്ന പൂച്ചകളിലും ഹൃദ്രോഗം കണ്ടുവരുന്നുണ്ട്.
ഡോബർമാൻ. ലാബ്രഡോർ റിവർ, ജർമൻ ഷെപ്പേഡ്, റോട്ട് വീലർ തുടങ്ങിയ ജനുസുകളിലാണ് ഹൃദ്രോഗസാധ്യത കൂടുതൽ. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി ചികിത്സയ്ക്കു വിധേയമാക്കുന്നതിനുമുന്പേ നായ്ക്കൾ പെട്ടെന്നു ചത്തുപോകുന്ന സാഹചര്യമുണ്ട്. അതുകൊണ്ടുതന്നെ ലക്ഷണങ്ങൾ പ്രകടമാക്കുന്നതിനുമുന്പേ രോഗം തിരിച്ചറിഞ്ഞു ചികിത്സിക്കുന്നതാണു നല്ലത്.
ഇസിജി, എക്സ്റേ, അൾട്രാസൗണ്ട് സ്കാനിംഗ് തുടങ്ങിയവയിലൂടെ രോഗം വളരെമുന്പേ കണ്ടെത്താം. ഗുളിക കഴിപ്പിച്ചു രോഗം നിയന്ത്രിക്കാനാകും. മണ്ണുത്തിയിൽ നടക്കുന്ന ക്യാന്പിൽ നാലുവയസിനു മുകളിലുള്ള നായകളെ പങ്കെടുപ്പിക്കും. രോഗനിർണയത്തിനായി സ്കാനിംഗ് നടത്തുമെന്നു ഡോ. ഐശ്വര്യ പറഞ്ഞു.
ഹൃദ്രോഗം ബാധിക്കാതിരിക്കാൻ നായകൾക്കു കൊഴുപ്പുകുറഞ്ഞ ഭക്ഷണപദാർഥങ്ങൾ നല്കിയാൽ മതിയെന്നാണു ഡോക്ടർമാർ നിർദേശിക്കുന്നത്. ഇതിനായി കൊഴുപ്പു കുറഞ്ഞ ഇറച്ചി, പാൽ എന്നിവ തെരഞ്ഞെടുക്കണം. നാരുകൾ അടങ്ങിയ ഭക്ഷണവും കൂടുതലായി ഉൾപ്പെടുത്തണം.
വേവിക്കാത്ത മുട്ട, മീൻ, പഴകിയതോ പൂപ്പൽ ബാധിച്ചതോ ആയ ഭക്ഷണങ്ങൾ എന്നിവ ഒരു കാരണവശാലും നായകൾക്കു നൽകരുത്. ചോക്ലേറ്റ്, കാപ്പി, ചായ, മധുരപലഹാരങ്ങൾ, ഉപ്പുകൂടിയ ഭക്ഷണങ്ങൾ എന്നിവയും ഒഴിവാക്കണം. അമിതവണ്ണമുള്ള നായകളെ ആറുമാസത്തിലൊരിക്കൽ പരിശോധനയ്ക്കു വിധേയമാക്കി രോഗം നേരത്തേ കണ്ടെത്താം.
മണ്ണുത്തി വെറ്ററിനറി ആശുപത്രിയിൽ 15 മുതൽ 18 വരെ ഉച്ചതിരിഞ്ഞു രണ്ടുമുതൽ വൈകീട്ട് അഞ്ചുവരെയാണു സൗജന്യ ഹൃദ്രോഗനിർണയ ക്യാന്പ്. പങ്കെടുക്കാൻ 7306897421, 7012807580 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം. ഓരോരുത്തർക്കും പ്രത്യേക സമയം അനുവദിക്കും.
സ്വന്തം ലേഖകൻ