കൊച്ചി/ ന്യൂഡൽഹി: സര്‍വകാല റിക്കാര്‍ഡും തകര്‍ത്ത് ഇന്ധനവില മുന്നേറുന്നു. കടുത്ത പ്രതിഷേധത്തിനിടെ ഇന്നും വില കൂട്ടി.
ഇന്നു പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുടെയും വര്‍ധനയാണ് വരുത്തിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 89.64 രൂപയും ഡീസലിന് 84.23 രൂപയുമായി.
തുടര്‍ച്ചയായ ഒമ്പതാം ദിവസമാണ് ഇന്ധന വിലയില്‍ വര്‍ധനവുണ്ടാകുന്നത്. തിരുവനന്തപുരത്തു പെട്രോള്‍ വില 91 കടന്നു. ഡീസല്‍ വില 86നോട് അടുത്തു.
പെട്രോള്‍ ലിറ്ററിന് 91.24 രൂപയും ഡീസലിന് 85.51 രൂപയുമാണ് തിരുവനന്തപുരത്തെ വില. ഇന്ധനവില കുതിച്ചുയരുന്നത് അവശ്യ വസ്തുക്കളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത.
പാചകവാതകത്തിനും
ഡൽഹി ലേഖകൻ തുടരുന്നു: പെട്രോളിനും ഡീസലിനും ലിറ്ററിന് 100 രൂപയും കടക്കുമോയെന്ന ആശങ്കയിലാണു ജനം. താരതമ്യേന വിലക്കുറവുണ്ടായിരുന്ന ഡൽഹിയിൽ പോലും ലിറ്ററിന് 88.73 രൂപയും 79.06 രൂപയുമായി.
ഗാർഹിക, വാണിജ്യ സിലിണ്ടറുകളുടെ പാചകവാതക വിലയും കുത്തനെ കൂട്ടി. ഇന്നലെ മുതൽ വീണ്ടും 50 രൂപ കൂട്ടിയതോടെ ഗാർഹിക എൽപിജി സിലിണ്ടറിന് 769 രൂപയാണ് ഡൽഹിയിലെ വില.
ജനവികാരം മാനിച്ചു നികുതികൾ കുറച്ച് ആശ്വാസം നൽകേണ്ട സർക്കാരാകട്ടെ വീണ്ടും വീണ്ടും വില കൂട്ടി ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നു. ഇന്ധന വിലയേക്കാൾ വേഗത്തിൽ അവശ്യസാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണ്.
വാഹനം ഉപേക്ഷിക്കുമോ?
ബിജെപി സർക്കാർ 2014ൽ ഡൽഹിയിൽ അധികാരത്തിലെത്തുന്പോൾ ഡൽഹിയിൽ പെട്രോളിന് 71.34 രൂപയും ഡീസലിന് 56.71 രൂപയുമായിരുന്നു വില.
ക്രൂഡ് ഓയിൽ ബാരലിന് 100 ഡോളറിൽ താഴെയും. പിന്നീട് 2014 സെപ്റ്റംബർ മുതൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞു ശരാശരി 40-50 ഡോളറിലെത്തി. കഴിഞ്ഞ വർഷം ക്രൂഡ് വില 11.26- 39.68 ഡോളർ വരെ താഴുകയും ചെയ്തു.
പക്ഷേ, പെട്രോൾ, ഡീസൽ, പാചകവാതക വിലകൾ മാത്രം കൂട്ടി. ഇന്ധന നികുതികളും സെസും ലോകറിക്കാർഡ് ഭേദിക്കുകയും ചെയ്തു.
ജർമനിയിൽ ഇന്ധനവില കൂട്ടിയപ്പോൾ ജനങ്ങൾ വാഹനങ്ങൾ കൂട്ടമായി ഹൈവേകളിൽ ഉപേക്ഷിച്ചു പോയ ചരിത്രമുണ്ട്.
80 ദിവസത്തിലേറെയായി ഡൽഹിയിലെ തെരുവുകളിൽ സഹനസമരം തുടരുന്ന കർഷകരോടു കാണിക്കുന്ന അവഗണനാ സമീപനമാണ് തുടർച്ചയായി ഇന്ധനവിലയിൽ ഉയരുന്ന പ്രതിഷേധത്തോടും കേന്ദ്രസർക്കാർ പുലർത്തുന്നത്.