സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഒത്തു കളിച്ച് ടയർവില കൂട്ടിയ കന്പനികൾക്ക് 1788 കോടി രൂപ പിഴയിട്ട കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ കർശന നടപടിക്കു പിന്നിൽ മലയാളി ഉദ്യോഗസ്ഥന്റെ നിശ്ചയദാർഢ്യം.
കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയിലെ മുതിർന്ന അംഗം എന്ന നിലയിൽ അഗസ്റ്റിൻ പീറ്റർ ഐഇഎസ് നടത്തിയ ഇടപെടലാണ് നിർണായക നടപടിക്കു വഴി തെളിച്ചത്.
ഒത്തു കളിച്ചു വില കൂട്ടിയ അഞ്ചു ടയർ കന്പനികൾക്ക് കോടികൾ പിഴ ചുമത്താനുള്ള കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ഉത്തരവ് സുപ്രീംകോടതിയും ശരിവയ്ക്കുകയായിരുന്നു.
2006 മുതൽ 2009 വരെ അഗസ്റ്റിൻ പീറ്റർ കോംപറ്റീഷൻ കമ്മീഷൻ ഉപദേശകനായിരുന്നു. പിന്നീട് കമ്മീഷന്റെ ഡയറക്ടർ ജനറലായി.
പിന്നീട് വാണിജ്യ മന്ത്രാലയത്തിലെ സാന്പത്തിക ഉപദേഷ്ടാവിന്റെ ചുമതല വഹിച്ചു. 2014 മുതൽ 2019വരെ വീണ്ടും കോംപറ്റീഷൻ കമ്മീഷന്റെ മുതിർന്ന അംഗമായിരുന്ന കാലത്താണ് ടയർ കന്പനികൾക്കെതിരേയുള്ള പരാതികൾ കേന്ദ്ര കോർപറേറ്റ് മന്ത്രാലയം കൈമാറുന്നത്.
പക്ഷേ, പരാതികൾ ശരിയാണെന്ന് ബോധ്യപ്പെട്ടെങ്കിലും മതിയായ തെളിവുകൾ ലഭ്യമല്ലായിരുന്നു. കമ്മീഷൻ നിയമത്തിലെ വകുപ്പ് മൂന്നിനു വിരുദ്ധമായി ടയറിന്റെ വില, വിതരണം തുടങ്ങിയവയിലും വൻകിട ടയർ കന്പനികൾ ഒത്തുകളിച്ചു. സ്വാഭാവിക റബറിന്റെ വില ഇടിക്കുന്നതിലും ഇവർ ഒത്തുകളി തുടർന്നു.
2011-12ലും ടയർ കന്പനികൾ പരാതികളിലെ ആരോപണങ്ങൾ നിഷേധിച്ചു. ടയർ കന്പനികളുടെ അസോസിയേഷൻ യോഗം ചേർന്നു പല തീരുമാനങ്ങൾ എടുത്തു എങ്കിലും യോഗത്തിൽ മിനിട്സ് ഒഴിവാക്കി.
എന്നാൽ, ടയർ മാനുഫാക്ചേഴ്സ് അസോസിയേഷന്റെ ഉദ്യോഗസ്ഥർ കന്പനികൾക്ക് വില കൂട്ടാനും ഉത്പാദനം കുറയ്ക്കാനും അയച്ച ഇ-മെയിലുകൾ കമ്മീഷൻ കണ്ടെത്തി.
ഇവയിൽ പലതും കംപ്യൂട്ടറുകളിൽ നിന്നു നീക്കം ചെയ്തിരുന്നു. ഇവ പിടിച്ചെടുത്തു നടത്തിയ പരിശോധനയിലാണ് വൻകിട ടയർ കന്പനികളുടെ ഒത്തുകളി തെളിഞ്ഞത്.
നിയമത്തിന്റെ അടിസ്ഥാനത്തിൽ വിറ്റുവരവിന്റെയും ലാഭത്തിന്റെയും പത്തു ശതമാനം വരെ പിഴ ഈടാക്കാമെങ്കിലും ഇപ്പോൾ അഞ്ചു ശതമാനം ആണ് പിഴ ചുമത്തിയിരിക്കുന്നത്.
വർഷങ്ങളായി കന്പനികൾ ഈ ഒത്തുകളി നടത്തുന്നുണ്ടെങ്കിലും തെളിവ് കിട്ടിയ വർഷത്തേക്കു മാത്രമാണ് ഇപ്പോൾ പിഴ ചുമത്തിയിരിക്കുന്നത്.
2019ൽ കോംപറ്റീഷൻ കമ്മീഷൻ അംഗത്വത്തിൽ നിന്നു വിരമിക്കുന്നതുവരെ ഈ കേസിൽ മുതിർന്ന അംഗം എന്ന നിലയിൽ അഗസ്റ്റിൻ പീറ്റർ അടക്കമുള്ളവർ എടുത്ത നിലപാടുകളാണ് പിഴ ഈടാക്കാനുള്ള നടപടിയിലേക്ക് എത്തിച്ചത്.
കടുത്തുരുത്തി കോഴാന്തടത്തിൽ പരേതനായ കെ.ജെ. പീറ്ററിന്റെ മകനാണ് അഗസ്റ്റിൻ. 1977-78ൽ പാലാ സെന്റ് തോമസ് കോളജ് യൂണിയൻ ചെയർമാനായിരുന്നു.
കേന്ദ്ര പെട്രോളിയം മന്ത്രാലയം ഡയറക്ടർ ജനറൽ, വാണിജ്യ മന്ത്രാലയം പോളിസി വിഭാഗം ഡയറക്ടർ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ഡൽഹി ദ്വാരകയിലാണ് താമസിക്കുന്നത്.