കൊച്ചി: ലോക ബോഡി ബിൽഡിംഗ് ചാന്പ്യൻഷിപ്പിൽ അൻപത്തിയേഴുകാരനായ മലയാളിക്കു വെങ്കലനേട്ടം. അങ്കമാലി ഞാലിയാൻ വീട്ടിൽ പീറ്റർ ജോസഫ് ആണ് ഈ അപൂർവനേട്ടം സ്വന്തമാക്കിയത്. ബോഡി ബിൽഡിംഗിൽ അന്താരാഷ്ട്ര നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയാണ് ഇദ്ദേഹം.
ഗ്രീസിലെ ഏദൻസിൽ കഴിഞ്ഞ 18നും 19നുമാണു ലോക ബോഡി ബിൽഡിംഗ് ചാന്പ്യൻഷിപ്പ് നടന്നത്.റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം വിആർഎസ് എടുത്താണു ബോഡി ബിൽഡിംഗ് രംഗത്തു ശ്രദ്ധകേന്ദ്രീകരിച്ചത്. നാൽപതാം വയസിൽ പരിശീ ലനം തുടങ്ങി രണ്ടു വർഷത്തിനുശേഷം മിസ്റ്റർ കേരളയായി തെരഞ്ഞെടുക്കപ്പെട്ടു. 2010ൽ അൻപതാം വയസിൽ മിസ്റ്റർ ഇന്ത്യയായി ചരിത്രം കുറിച്ചു. 2012ൽ ഏഷ്യൻ ചാന്പ്യൻഷിപ്പിൽ വെള്ളി സ്വന്തമാക്കി. കേരള സ്റ്റേറ്റ് ബോഡി ബിൽഡിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ കൊച്ചിയിൽ പീറ്റർ ജോസഫിന് ഇന്നലെ സ്വീകരണം നൽകി.
മത്സരങ്ങളിൽനിന്നു വിരമിക്കുകയാണെന്നും ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ടു പൊതുസമൂഹത്തിനായി തുടർന്നു പ്രവർത്തിക്കുമെന്നും സ്വീകരണത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ബോഡി ബിൽഡിംഗ് എന്നാൽ ജിംനേഷ്യങ്ങളിൽ പോയി മസിൽ പെരുപ്പിക്കലല്ല. അതൊരു ജീവിതരീതിയാണ്. ഒട്ടേറെ തെറ്റിദ്ധാരണകളുള്ള മേഖലയാണു ബോഡി ബിൽഡിംഗ്. പ്രോട്ടീനും സ്റ്റിറോയിഡും ഉപയോഗിക്കുന്നതടക്കം പല കാര്യങ്ങളിലും ഈ തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട്. വ്യായാമമുറകൾ നടത്തി ശരീരം ഊർജസ്വലമാക്കിയാൽ പല രോഗങ്ങളും ശരീരത്തെ ബാധിക്കില്ലെന്നും പീറ്റർ ജോസഫ് പറഞ്ഞു. ബിസ ആണു ഭാര്യ. മക്കൾ: മരിയ, എൽസ, ലിയാൻ.