തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎ സർക്കാർ ഭൂമി കയ്യേറുകയോ മതിൽ കെട്ടുകയോ ചെയ്തിട്ടില്ലെന്ന് ചിന്നക്കനാലിലെ റിസോർട്ടും ഭൂമിയും മാത്യു കുഴൽനാടന് വിറ്റ പീറ്റർ ഓസ്റ്റിൻ. വാർത്ത വന്നപ്പോഴാണ് ഇക്കാര്യം ശ്രദ്ധിക്കുന്നതെന്നും മാത്യു കുഴൽ നാടൻ റീറ്റെയ്നിംഗ് വാൾ കെട്ടുക മാത്രമാണ് ചെയ്തതെന്നും കൊല്ലം ശക്തികുളങ്ങര സ്വദേശിയായ പീറ്റർ ഓസ്റ്റിൻ ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മാത്യു കുഴൽനാടന് കൈമാറിയ ഭൂമിയിൽ വിവാദമായ 50 സെന്റില്ല. കെട്ടിട നമ്പർ ഇല്ലാത്തതുകൊണ്ടാണ് 1000 ചതുരശ്ര അടിയുടെ കെട്ടിടം രേഖകളിൽ കാണിക്കാതിരുന്നതെന്നും പീറ്റർ ഓസ്റ്റിൻ പറയുന്നു.
ഉറച്ച വിശ്വാസമുള്ളതുകൊണ്ടാണ് സ്ഥലം അളക്കുക കൂടി ചെയ്യാതെ രജിസ്ട്രേഷൻ നടത്തിയതെന്നും പീറ്റർ ഓസ്റ്റിൻ പറയുന്നു. പീറ്ററിന്റെ ഭാര്യയുടെ അമ്മയുടെ പേരിലുള്ള 4000 ചതുരശ്ര അടിയുള്ള റിസോർട്ടും അച്ഛന്റെ പേരിലുണ്ടായിരുന്ന സ്ഥലവും കെട്ടിടങ്ങളുമാണ് 2021 ൽ മാത്യു കുഴൽനാടന് വിറ്റത്.
ന്യായവിലയേക്കാൾ ഉയർന്ന വിലയ്ക്കായിരുന്നു ഒരു ഏക്കർ 20 സെന്റ് ഭൂമി ഉൾപ്പെടെ വിറ്റത്. 2.15 കോടി രൂപയ്ക്കാണ് ഇടപാട് നടത്തിയത്’. 1000 ചതുരശ്ര അടിയുള്ള കെട്ടിടത്തിന്റെ വിവരം മറച്ചുവച്ച് നികുതി വെട്ടിച്ചെന്ന വിജിലൻസ് കണ്ടെത്തൽ ശരിയല്ലെന്ന് പീറ്റർ ഓസ്റ്റിൻ പറയുന്നു.പരാതിയിൽ രണ്ടു തവണയാണ് പീറ്ററിനെയും ഭാര്യയുടെ അമ്മയെയും വിജിലൻസ് ചോദ്യം ചെയ്തത്. മാത്യു കുഴൽനാടന്റെ സുഹൃത്താണ് പീറ്റർ.