ലണ്ടൻ: ഐപിഎൽ ലേലത്തിൽ ഇംഗ്ലീഷ് താരങ്ങൾക്കു ലഭിച്ച വൻ പ്രതിഫലം ടെസ്റ്റ് ക്രിക്കറ്റിന്റെ മുഖത്തേറ്റ അടിയാണെന്ന് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സണ്. ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനും ടൈമൽ മിൽസിനുമാണ് സ്വപ്നതുല്യമായ പ്രതിഫലം ലഭിച്ചത്. സ്റ്റോക്സിനെ 14.5 കോടി രൂപയ്ക്ക് പൂന സൂപ്പർ ജയന്റ്സും മിൽസിനെ 12 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗളൂരുമാണ് സ്വന്തമാക്കിയത്. പുറംവേദനയെ തുടർന്ന് മിൽസ് ട്വന്റി 20 ക്രിക്കറ്റിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ട്വന്റി 20 സ്പെഷലിസ്റ്റുകൾ ഇംഗ്ലണ്ടിന്റെ ഇപ്പോഴത്തെ ടീമിലെ ഏറ്റവും ധനികരായിരിക്കുന്നു. ഇത് ടെസ്റ്റ് ക്രിക്കറ്റിന്റെ മുഖത്തേറ്റ മറ്റൊരു അടിയാണ്. എട്ടു വർഷം മുന്പ് ഞാൻ ട്വന്റി 20 ക്രിക്കറ്റിൽ കളിക്കാൻ തീരുമാനിച്ചു. നിലവിലെ ചെറുപ്പക്കാർ ട്വന്റി 20 ക്രിക്കറ്റിന്റെ ആനുകൂല്യങ്ങൾ നേടുകയാണ്. ട്വന്റി 20 ക്രിക്കറ്റ് വളരുന്നത് ഞാൻ ഇഷ്ടപ്പെടുന്നു. എന്നാൽ ടെസ്റ്റ് ക്രിക്കറ്റ് ഇപ്പോൾ പരാജയപ്പെടുകയാണ്. ഇക്കാര്യത്തിൽ ഐസിസി ഇടപെടൽ വൈകരുതെന്നാണ് എന്റെ അഭിപ്രായം- കെവിൻ പീറ്റേഴ്സണ് പറഞ്ഞു.
2014ൽ ഇംഗ്ലീഷ് ടീമിൽനിന്നു പുറത്താക്കിയശേഷം പീറ്റേഴ്സണ് അന്താരാഷ്ട്ര മത്സരം കളിച്ചിട്ടില്ല. ഇതിനുശേഷം ഓസ്ട്രേലിയ, ഇന്ത്യ, പാക്കിസ്ഥാൻ, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ പ്രാദേശിക ട്വന്റി 20 ടൂർണമെന്റുകളിൽ തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കാൻ പീറ്റേഴ്സണു കഴിഞ്ഞു.