ലണ്ടന്‍: ഒരുകാലത്ത് കെവിന് പീറ്റേഴ്സണ് എന്നു കേട്ടാല്‍ ഏതു ബൗളറും ഒന്നു പേടിക്കുമായിരുന്നു. എന്നാല്‍, ഫോമിനപ്പുറം ടീമിനുള്ളിലെ കളികളുടെ പരിണിത ഫലമെന്നോണം ഇംഗ്ലീഷ് ക്രിക്കറ്റ് ടീമില്‍നിന്ന് അദ്ദേഹം പുറത്തായി. മടങ്ങിവരവിന് ആദ്യം വേണ്ടത് മികച്ച ഫോമാണെന്നു തിരിച്ചറിഞ്ഞ കെ.പി. ഇതാ മിന്നുന്ന ഫോമിലാണെന്നു തെളിയിച്ചിരിക്കുന്നു. കൗണ്ടി ക്രിക്കറ്റില്‍ സറേയ്ക്കായി കളിക്കുന്ന പീറ്റേഴ്സണ് കഴിഞ്ഞ ദിവസം എസക്സിനെതിരേ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്.
ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ 35 പന്തില്‍ അഞ്ച് സിക്സും ഒരു ഫോറും അടക്കം 52 റണ്‍സാണ് മുപ്പത്തിയേഴുകാരനായ കെവിന് പീറ്റേഴ്സണ് അടിച്ചുകൂട്ടിയത്. മത്സരത്തില്‍ 10 റണ്‍സിന് സറേ എസക്സിനെ തോല്‍പ്പിച്ചു. ഇംഗ്ലീഷ് ടീമില്‍നിന്ന് ഏറെക്കാലമായി പുറത്തായിരുന്ന കെ.പി. മടങ്ങിവരാനുദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കി. എന്നാല്‍, ഇംഗ്ലണ്ടിനെതിരേ ആയിരിക്കില്ലെന്നു മാത്രം. ജന്മദേശമായ ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കുന്നതിന്റെ സാധ്യതകള്‍ ആരായുകയാണ് അദ്ദേഹം.
നിലവിലെ ഐസിസി നിയമ പ്രകാരം 2019ല്‍ മാത്രമേ പീറ്റേഴ്സണ് ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കളിക്കാനാകൂ. 2014ലാണ് കെ.പി. അവസാനമായി ഇംഗ്ലണ്ടിനു വേണ്ടി കളിച്ചത്. അഞ്ചുവര്‍ഷത്തിനു ശേഷമേ മറ്റൊരു ടീമിനുവേണ്ടി കളിക്കാനാകൂ എന്നതാണ് ഐസിസി നിയമം.
2019ലെ ഏകദിന ലോകകപ്പില്‍ പീറ്റേഴ്സണ് ദക്ഷിണാഫ്രിക്കയ്ക്കായി ജേഴ്സി അണിയുമോയെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. എന്നാല്‍, അപ്പോഴേക്കും 39 വയസാകുന്ന കെ.പിയുടേത് കേവലം ആഗ്രഹം മാത്രമായി അവശേഷിക്കാനാണ് സാധ്യത.
അടുത്ത രണ്ട് വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ കൂടുതല്‍ ക്രിക്കറ്റ് കളിക്കാനാണ് ഞാന്‍ ആലോചിക്കുന്നത്. രണ്ട് വര്‍ഷത്തിനിപ്പുറവും ഞാന്‍ ബാറ്റിംഗ് ആസ്വദിക്കുകയാണെങ്കില്‍ ഏറെ സന്തോഷകരമായ ഒരു സ്ഥാനത്ത് എന്നെ നിങ്ങള്‍ക്ക് കാണാന്‍ കഴിയും-കെ.പി കൂട്ടിച്ചേര്‍ത്തു. 2014ലെ ആഷസിലാണ് പീറ്റേഴ്സണ് അവസാനമായി ഇംഗ്ലീഷ് ടീമിന്റെ കുപ്പായമണിഞ്ഞത്.