താനൂർ: അഞ്ചുടി തീരദേശത്ത് മത്സരപ്പറത്തലിനായി വളർത്തുന്ന പ്രാവുകളെ സാമൂഹ്യവിരുദ്ധർ തലയറുത്ത് കൊന്നു.
അഞ്ചുടി സ്വദേശികളായ കുപ്പന്റെ പുരക്കൽ ബിലാൽ, പൗറകത്ത് തുഫൈൽ എന്നിവർ വളർത്തുന്ന പ്രാവുകളെയാണ് കൊന്നത്. 33 പ്രാവുകളെ കാണാതായതായും തുഫൈൽ പറഞ്ഞു.
ബുധനാഴ്ച രാത്രി 10ന് ശേഷമാണ് സംഭവം. വ്യാഴാഴ്ച രാവിലെ തീറ്റ കൊടുക്കാനായി കൂടിന് അടുത്തെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. 40000 രൂപയുടെ പ്രാവുകളെയാണ് ഇരുവർക്കും നഷ്ടമായത്.
പ്രാവുകളെ വളർത്തിയിരുന്ന കൂട് തകർത്ത നിലയിലാണ്. കൂട്ടിൽ ഉണ്ടായിരുന്ന പ്രാവിന്റെ ദേഹം കീറിപ്പറിഞ്ഞ സ്ഥിതിയിലാണ് കാണപ്പെട്ടത്. സംഭവത്തെ തുടർന്ന് താനൂർ പോലീസിൽ പരാതി നൽകി.
അഞ്ചുടി സ്വദേശികളായ പൗറകത്ത് ആസിഫ്, ഹാഫിസ് എന്നിവർ ചേർന്ന് തിങ്കളാഴ്ച ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പ്രാവുകളെ അപഹരിക്കും എന്ന് പറഞ്ഞതായും പരാതിയിൽ പറയുന്നു.
കഴിഞ്ഞ രണ്ടു വർഷമായി ബിലാലും, തുഫൈലും ചേർന്ന് പ്രാവുകളെ വളർത്തുന്നുണ്ട്. വിവിധ ഇടങ്ങളിൽ നടക്കുന്ന പ്രാവ് പറത്തൽ മത്സരങ്ങളിലും ഇവരുടെ പ്രാവുകൾ ജേതാക്കളായിട്ടുണ്ട്.
തീരദേശ മേഖലയിൽ സംഘർഷം ഉണ്ടാക്കുന്ന ഭാഗമായാണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്ന് സമീപവാസികൾ പറയുന്നു.