കോതമംഗലം: പെട്രോൾ അളവിൽ വെട്ടിപ്പു നടത്തിയ പമ്പിൽ ലീഗൽ മെട്രോളജി വകുപ്പ് പരിശോധന നടത്തി. കോതമംഗലം നഗരമധ്യത്തിൽ ധർമഗിരി ജംഗ്ഷഷനിൽ ഭൂതത്താൻകെട്ട് റോഡിന് ചേർന്ന് പ്രവർത്തിക്കുന്ന ഭാരത് പെട്രോളിയത്തിന്റെ പമ്പിലാണ് കഴിഞ്ഞ ദിവസം തട്ടിപ്പ് നടന്നതായി ആക്ഷേപം ഉയർന്നത്.
കാറിലെ പെട്രോൾ തീർന്നതിനാൽ കന്നാസിൽ പെട്രോൾ വാങ്ങുവാൻ എത്തിയ യുവാവ് 350 രൂപ നൽകി പെട്രോൾ അടിച്ച ങ്കിലും 300 രൂപയുടെ പെട്രോൾ മാത്രമാണ് കന്നാസിൽ ലഭിച്ചിട്ടുള്ളതെന്നാണ് പരാതി. സംഭവത്തിൽ ജീവനക്കാരന്റെ കുറ്റസമ്മതം വീഡിയോ ഉൾപ്പെടെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നതോടെ ഓയിൽ കമ്പനി പരിശോധനക്കെത്തിയിരുന്നു.
ഇതിനു പുറകെയാണ് ലീഗൽ മെട്രോളജി എറണാകുളം അസിസ്റ്റന്റ് കൺട്രോളർ ബി.എസ്. ജയകുമാർ, കോതമംഗലം ഇൻസ്പക്ടർ ജോബി വർഗീസ് എന്നിവരടങ്ങുന്ന സംഘം പരിശോധനയ്ക്കെത്തിയത്. പ്രാഥമിക പരിശോധനയിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഇന്ന് വീണ്ടും ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് കൂടുതൽ പരിശോധനകൾ ലീഗൽ മെട്രോളജി വകുപ്പ് നടത്തും. പെട്രോൾ വാഹനത്തിൽ നിറച്ചു കൊടുക്കാനെ പാടുള്ളുവെന്നതിന് വിപരീതമായി കന്നാസിലും കുപ്പികളിലും നൽകിയതിലും നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്.