കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോളിന് അഞ്ചു പൈസയും ഡീസലിന് 12 പൈസയുടെയും വര്‍ധനവാണ് ഇന്നുണ്ടായിട്ടുള്ളത്.
ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 80.76 രൂപയും ഡീസലിന് 76.39 രൂപയുമായി. ഇതോടെ പെട്രോളിന് 9.63 രൂപയും ഡീസലിന് 10.52 രൂപയുമാണ് ഈമാസം വര്‍ധിച്ചത്.
കഴിഞ്ഞ 23 ദിവസങ്ങളില്‍ ഇന്നലെ മാത്രമാണ് ഇന്ധനവില മാറ്റമില്ലാതെ തുടര്‍ന്നത്. ശനിയാഴ്ച പെട്രോളിന് 25 പൈസയും ഡീസലിന് 19 പൈസയും വര്‍ധിച്ച് യഥാക്രമം 80.71 രൂപയും 76.27 രൂപയുമായിരുന്നു. ഈമാസം ഏഴ് മുതലാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്.
കഴിഞ്ഞ 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരിക്കുകയാണ് ഇന്ധനവില ഇപ്പോള്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നികുതി നിരക്കില്‍ വരുത്തിയ വര്‍ധനവും എണ്ണക്കമ്പനികള്‍ നഷ്ടം നികത്താനെന്ന പേരില്‍ ഉയര്‍ത്തുന്ന വില്പന വിലയുമാണ് ഇന്ധനവില ഉയരാന്‍ കാരണം.
ഇന്ധനവില വർധന; കോൺഗ്രസ് പ്രക്ഷോഭത്തിന് തുടക്കം
തിരുവനന്തപുരം: ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികൾക്ക് തുടക്കമായി. ദേശീയതലത്തിലുള്ള സമരപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള മുതിർന്ന കോണ്‍ഗ്രസ് നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു. പിഎംജി ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധ സമരം നടത്തിയത്.
നാലാം തീയതി വരെ സംസ്ഥാനതലത്തിൽ എല്ലാ മണ്ഡലം കമ്മിറ്റികളും പ്രതിഷേധ സമരം നടത്തണമെന്ന് എഐസിസി നേതാവ് കെ.സി.വേണുഗോപാൽ നിർദേശിച്ചിരുന്നു.
കോണ്‍ഗ്രസിന്റെ എംഎൽഎമാരും എംപിമാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പ്രക്ഷോഭ സമരത്തിൽ പങ്കെടുക്കുമെന്ന് കെപിസിസി ഭാരവാഹി എം.എം. ഹസൻ വ്യക്തമാക്കി.