റോബിന് ജോര്‍ജ്
കൊച്ചി: ഇന്ധനവില പിടിതരാതെ കുതിക്കുമ്പോള്‍, സംസ്ഥാനത്ത് അഞ്ഞൂറു രൂപയ്ക്കു ലഭിക്കുക രണ്ടര മാസം മുമ്പ് ലഭിച്ചതിനേക്കാള്‍ അര ലിറ്റര്‍ കുറവ് ഇന്ധനം.
കഴിഞ്ഞ നവംബര്‍ അവസാന നാളുകളിലെ പെട്രോള്‍, ഡീസല്‍ വിലയും ഇന്നത്തെ വിലയും പരിശോധിക്കുമ്പോഴാണു ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ വ്യക്തമാകുക. ഇന്നു പെട്രോളിനും ഡീസലിനും 34 പൈസവീതം വര്‍ധിച്ചതോടെ കൊച്ചിയില്‍ പെട്രോള്‍ വില 90 രൂപ പിന്നിട്ടു.
പെട്രോളിന് 90.23 രൂപയായും ഡീസലിന് 84.83 രൂപയുമായാണു ഇന്നു കൊച്ചിയില്‍ വില ഉയര്‍ന്നത്. നിലവില്‍ അഞ്ഞൂറു രൂപയ്ക്കു 5.54 ലിറ്റര്‍ പെട്രോളും 5.89 ലിറ്റര്‍ ഡീസലുമാണു ലഭിക്കുക.
കഴിഞ്ഞ നവംബര്‍ 29ന് കൊച്ചിയില്‍ പെട്രോള്‍ വില 82.48 രൂപയും ഡീസല്‍ വില 76.37 രൂപയുമായിരുന്നു. അന്ന് അഞ്ഞൂറു രൂപയ്ക്കു 6.06 ലിറ്റര്‍ പെട്രോളും 6.54 ലിറ്റര്‍ ഡീസലും ലഭിച്ചിരുന്നു.
ഇവിടെനിന്നുമാണു രണ്ടര മാസത്തിനുള്ളില്‍ ഇന്ധന വില കുതിച്ചുകയറിയതും ലഭിക്കുന്ന ഇന്ധനത്തിന്റെ അളവില്‍ അര ലിറ്ററിലധികം കുറവ് രേഖപ്പെടുത്തിയതും. ഈ മാസം തുടര്‍ച്ചയായ പത്താം ദിവസമാണു ഇന്ധനവില വര്‍ധിപ്പിക്കുന്നത്.
ദിവസങ്ങള്‍ക്കുമുമ്പ് സംസ്ഥാനത്താദ്യമായി തിരുവനന്തപുരത്തു പെട്രോള്‍ വില 90 രൂപ മറികടന്നിരുന്നു. തിരുവനന്തപുരത്ത് ഇന്നു പെട്രോള്‍ വില 91.83 രൂപയും ഡീസല്‍ വില 86.11 രൂപയുമാണ്.
ഇന്ധനവിലയില്‍ ദിവസവും പൈസ കണക്കിലുണ്ടാകുന്ന മാറ്റം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രൂപയിലേക്കു മാറുന്ന കാഴ്ചയാണു കാണുന്നത്.
പത്തു ദിവസത്തിനിടെ മാത്രം പെട്രോളിന് 2.93 രൂപയും ഡീസല്‍ വില 3.30 രൂപയും വര്‍ധിച്ചപ്പോള്‍ രണ്ടര മാസത്തെ കണക്കിൽ പെട്രോളിന് 7.75 രൂപയും ഡീസലിന് 8.46 രൂപയുമാണു വര്‍ധിപ്പിച്ചത്.
ഉപഭോക്താക്കള്‍ ലിറ്റര്‍ എന്നതിന് പകരം 100 രൂപക്കും 500 രൂപയ്ക്കും എന്ന രീതിയില്‍ ഇന്ധനം വാങ്ങാന്‍ തുടങ്ങിയതോടെ വില മാറ്റം അവര്‍ക്കിടയില്‍ വലിയ ആശങ്കയ്ക്കു ഇടയാക്കിയിട്ടുണ്ട്.
അസംസ്കൃത എണ്ണയുടെ വിലയും രൂപ-ഡോളര്‍ വിനിമയ നിരക്കും കണക്കാക്കിയാണു എണ്ണക്കമ്പനികള്‍ ദിവസവും ഇന്ധന വില നിശ്ചയിക്കുന്നതെന്ന് പറയുന്നതെങ്കിലും
വിഷയത്തില്‍ ഇടപെടേണ്ട കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മൗനം പാലിക്കുന്നത് തുടര്‍ന്നാല്‍ ഇന്ധനവില സെഞ്ച്വറിയില്‍ എത്താന്‍ അധിക ദിവസങ്ങളൊന്നും കാത്തിരിക്കേണ്ടി വരില്ലെന്നാണു വിപണിയില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍.
ലോക വിപണിയില്‍ എണ്ണവില കുറഞ്ഞാലും വില കുറയ്ക്കാത്ത എണ്ണ കമ്പനികളുടെ നിലപാടിനെയാണെന്നു ഭയപ്പെടേണ്ടതെന്ന വിദഗ്ധരുടെ വിലയിരുത്തലുകള്‍ ശരിവയ്ക്കുന്നതാണു നിലവിലെ പ്രവണത.
ദിനംപ്രതിയുള്ള വില മാറ്റം തുടങ്ങിയപ്പോള്‍ ആദ്യ ദിവസങ്ങള്‍ വില കുറച്ച് നല്കി ഉപഭോക്താക്കളെ പ്രതീപ്പെടുത്തുകയും പിന്നീടങ്ങോട്ട് തുടര്‍ച്ചയായി പൈസ കണക്കില്‍ വില വര്‍ധിപ്പിച്ചു നിലപാട് വ്യക്തമാക്കുകയുമായിരുന്നു എണ്ണക്കമ്പനികള്‍.