തിരുവനന്തപുരം: ഇന്ധനവില വിലവര്‍ധനവിന്റെ പ്രധാനകാരണക്കാര്‍ കേന്ദ്ര സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയന്ത്രണം കമ്പനികള്‍ക്ക് നല്കിയ ശേഷം വിലവര്‍ധിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സി.എച്ച്.കുഞ്ഞമ്പുവിന്റെ ശ്രദ്ധ ക്ഷണിക്കലിലാണ് മുഖ്യമന്ത്രിയുടെ വിമർശനം.
കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ ഏതാണ്ട് 307 ശതമാനം നികുതി വര്‍ധനവ് ഇന്ധനവിലയില്‍ ഉണ്ടായി. ഇന്ധനവിലയുമായി ബന്ധപ്പെട്ട നാലിന എക്സൈസ് തീരുവയില്‍ ഒന്നുമാത്രമാണ് സംസ്ഥാനവുമായി പങ്കിടുന്നത്
. കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം പെട്രോളിന് ചുമത്തിയിരുന്ന 67 രൂപ എക്സൈസ് തീരുവയില്‍ നാല് രൂപ മാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്നത്.
നികുതി വര്‍ധനയുടെ ഗുണഭോക്താക്കള്‍ കേന്ദ്രമാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനം നികുതി വേണ്ടെന്ന് വയ്ക്കണമെന്ന് പറയുന്നത് വിചിത്രമായ വാദമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.