റോബിന് ജോര്‍ജ്
കൊച്ചി: കുതിച്ചും കിതച്ചും മുന്നോട്ട് നീങ്ങിയ ഇന്ധനവില സംസ്ഥാനത്തും സെഞ്ച്വറിയടിച്ചു. പ്രീമിയം പെട്രോള്‍ വിലയാണു സംസ്ഥാനത്ത് മൂന്നക്കം പിന്നിട്ടത്.
പ്രീമിയം പെട്രോള്‍ വില സെഞ്ച്വറിയടിച്ച വിവരം പുറത്തുവരുന്നതാകട്ടെ ഒരാഴ്ചയ്ക്കുശേഷവും. കഴിഞ്ഞ 31 ന് തിരുവനന്തപുരത്ത് 100 രൂപ മറികടന്ന പ്രീമിയം പെട്രോളിന്റെ ഇന്നത്തെ വില 101.41 രൂപയാണ്. തിരുവനന്തപുരത്തിനു പിന്നാലെ വയനാടും ഇടുക്കിയുടെ ചില മേഖലകളിലും പ്രീമിയം പെട്രോള്‍ വില നൂറു കടന്നിട്ടുണ്ട്.
കഴിഞ്ഞ മാസം 30 ന് 99.80 രൂപയായിരുന്നു തിരുവനന്തപുരത്ത് പ്രീമിയം പെട്രോളിന്റെ വില. ഇവിടെനിന്നും 29 പൈസയുടെ വര്ധനവോടെയാണു സെഞ്ച്വറി പൂര്‍ത്തീകരിച്ചത്. പിന്നീട് ഈ മാസം ഒന്ന്, നാല്, ആറ് തീയതികളില്‍ വില വര്‍ധിച്ചാണ് 101.41 രൂപയിലെത്തി നില്‍ക്കുന്നത്.
അതിനിടെ, സാധാ പെട്രോളിന്റെയും ഡീസലിന്റെയും വില ഇന്നും വര്‍ധിച്ചു. പെട്രോളിന് 28 പൈസയും ഡീസലിന് 29 പൈസയുടെയും വര്‍ധനവാണ് ഇന്നുണ്ടായിട്ടുള്ളത്. ഇന്നലെ പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയും വര്‍ധിച്ചതിനു പിന്നാലെയാണ് ഇന്നത്തെ വില വര്‍ധന.
ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 97.29 രൂപയും ഡീസല്‍ വില 92.63 രൂപയുമായി. കൊച്ചിയിലാകട്ടെ പെട്രോള്‍ വില 95.69 രൂപയായും ഡീസല്‍ വില 91.14 രൂപയുമായും ഉയര്‍ന്നു. ഈ മാസം ഇതുവരെ നാലു ദിവസങ്ങളില്‍ ഇന്ധനവില വര്‍ധിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുന്‍പ് ഇന്ധനവില നൂറുരൂപ കടന്നിട്ടുണ്ട്. കേരളത്തില്‍ ഇതാദ്യമായാണ് ഇന്ധനവില മൂന്നക്കം പിന്നിട്ട് കുതിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ മറ്റ് ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ സാധാ പെട്രോളിന്റെയും ഡീസലിന്റെയും വില ഉടന്‍ നൂറു കടക്കും.
ക്രൂഡ് ഓയില്‍ വില വര്‍ധനവ് ചൂണ്ടിക്കാട്ടിയാണു എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിക്കുന്നതെങ്കിലും ക്രൂഡ് ഓയില്‍ വില കുത്തനെ താഴ്ന്ന സമയങ്ങളില്‍ ആനുപാതികമായി ഇന്ധനവില കുറയ്ക്കാന്‍ കമ്പനികള്‍ തയാറായിട്ടില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ദിവസങ്ങളോളം മാറ്റമില്ലാതെ തുടര്‍ന്ന ഇന്ധനവില തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ വീണ്ടും കുതിപ്പ് ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ മാസംമാത്രം പതിനേഴ് ദിവസമാണു ഇന്ധനവില വര്‍ധിച്ചത്.