ന്യൂഡൽഹി: ഡീസലും പെട്രോളുമൊക്കെ ഓൺലൈനായി വാങ്ങാവുന്ന കാലം വരുന്നു. ഇന്ത്യയിലെ ഓയിൽ മാർക്കറ്റിംഗ് കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപറേഷൻ (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ (എച്ച്പിസിഎൽ) തുടങ്ങിയ കമ്പനികൾ വഴി ഓൺലൈനായി ഇന്ധനങ്ങൾ വിൽക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. അതും ഹോം ഡെലിവറി.
പെട്രോളിയം മേഖലയിലെ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ആണ് പുതിയ ആശയം മുന്നോട്ടുവച്ചിരിക്കുന്നത്. പുതിയ തീരുമാനം നടപ്പായാൽ രാജ്യത്തെ പെട്രോൾ, ഡീസൽ ഉപയോക്താക്കൾക്ക് കൂടുതൽ ഗുണകരമാകും. പെട്രോൾ പന്പുകളിൽ നീണ്ട ക്യൂവിൽ നിൽക്കേണ്ട ആവശ്യവും വരുന്നില്ല എന്ന് പെട്രോളിയം മന്ത്രാലയം വിശദീകരിച്ചു.
ഡിജിറ്റൽ പേമെന്റ് പ്രചാരണത്തിൽ പെട്രോളിയവും പ്രകൃതിവാതകവും പ്രധാന പങ്കാണ് വഹിക്കുന്നത്. പുതിയ പദ്ധതിയനുസരിച്ച് ഉപയോക്താക്കൾക്ക് പെട്രോളിയം ഉത്പന്നങ്ങൾ ഓൺലൈനായി ബുക്ക് ചെയ്യാം. തൊട്ടടുത്തുള്ള മാർക്കറ്റിംഗ് കന്പനികൾക്കാണ് ഉപയോക്താക്കളുടെ വീട്ടിൽ പെട്രോൾ എത്തിച്ചു നല്കാനുള്ള ചുമതല- കേന്ദ്രമന്ത്രി പറഞ്ഞു.
രാജ്യത്തെ 38,128 പെട്രോൾ റീട്ടെയിൽ ഒൗട്ട്ലെറ്റുകളിൽ പോയിന്റ് ഓഫ് സെയിൽ മെഷീനുകളുണ്ട്, 86 ശതമാനം ഒൗട്ട്ലെറ്റുകൾ ഡിജിറ്റൽവത്കരിച്ചുവെന്നും പ്രധാൻ പറയുന്നു.