ജോര്‍ജ് കള്ളിവയലില്‍
ന്യൂഡല്‍ഹി: ഏറെ കഷ്ടപ്പെട്ട കോവിഡ് ദുരിതകാലത്തും ഇന്ധന നികുതിവഴി കേന്ദ്രസർക്കാർ ജനത്തെ കൊള്ളയടിച്ചതായി കണക്കുകൾ. കോവിഡ് ദുകോവിഡ് ദുരിതത്തിനിടെ കേന്ദ്രം അധികം പിഴിഞ്ഞത് 46,000 കോടി!
പെട്രോള്‍, ഡീസല്‍ നികുതിയിനത്തില്‍ കേന്ദ്രസര്‍ക്കാരിന് ഈ വര്‍ഷം എട്ടു മാസത്തില്‍ ലഭിച്ചത് 1.6 ലക്ഷം കോടി രൂപ! ഇന്ധന നികുതിയില്‍ മാത്രം കോവിഡ് കാലത്ത് അധികമായി പിഴിഞ്ഞെടുത്തത് 46,000 കോടി. ലോകത്ത് ഏറ്റവും കൂടിയ ഇന്ധനനികുതിയുള്ള രാജ്യമെന്ന ദുഷ്പേരും ഇന്ത്യയ്ക്കാണ്. ഇന്ത്യയിലെ ഇന്ധനനികുതി 69 ശതമാനമായാണു കൂട്ടിയത്.
1.6 ലക്ഷം കോടി
കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ മാത്രം പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവയിനത്തില്‍ കേന്ദ്രസര്‍ക്കാരിനു കിട്ടിയത് 1.6 ലക്ഷം കോടി രൂപയാണ്.
കോവിഡ് ഇല്ലാതിരുന്ന കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കിട്ടിയതാകട്ടെ 1.14 ലക്ഷം കോടി രൂപ മാത്രം. കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ടിലാണു മുന്‍ വര്‍ഷത്തെ നികുതി വരുമാനം വ്യക്തമാക്കുന്നത്.
ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില വളരെ താഴ്ന്നു നില്ക്കുമ്പോഴാണു കുത്തനെ നികുതി കൂട്ടി സാധാരണക്കാരെ പിഴിയുന്നത്.
40 ശതമാനം കൂട്ടി
രാജ്യത്തെ മൊത്തം നികുതി വരുമാനം കോവിഡ് കാലത്ത് 16 ശതമാനമായി കുറഞ്ഞപ്പോഴാണ് ഇന്ധനനികുതി വരുമാനം 40 ശതമാനം കൂടിയത്. കോര്‍പറേറ്റ് നികുതി, വ്യക്തി ആദായനികുതി, ജിഎസ്ടി, സെസ് എന്നിവയുടെ നികുതിവരുമാനത്തില്‍ 17 മുതല്‍ 37 വരെ ശതമാനം ഇടിവുണ്ടായിട്ടുണ്ട്.
രാജ്യത്തെ സമ്പദ്ഘടന കീഴോട്ടു വീഴുമ്പോഴും പൊതുജനങ്ങളില്‍നിന്നു പിരിച്ചെടുക്കുന്ന ഇന്ധനനികുതി മാത്രം കുത്തനെ കൂട്ടി.നിലവില്‍ പെട്രോള്‍ പമ്പുകളില്‍ വില്‍ക്കുന്ന ഓരോ ലിറ്ററിന് 69 ശതമാനമാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നികുതി.
അമേരിക്കയില്‍ 19 ശതമാനം മാത്രമാണ് ഇന്ധനനികുതി. പാക്കിസ്ഥാന്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ അടക്കമുള്ള അയല്‍രാജ്യങ്ങളിലെല്ലാം ഇന്ത്യയെക്കാള്‍ വളരെ കുറഞ്ഞ നികുതി ഈടാക്കുമ്പോഴാണ് കേന്ദ്ര എക്സൈസ് തീരുവയായി പകല്‍ക്കൊള്ള നടത്തുന്നത്.
12 തവണ
2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 12 തവണയാണു നികുതി കൂട്ടിയത്. പെട്രോള്‍ ലിറ്ററിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമാണ് നികുതി ഈടാക്കുന്നത്.
2014 ഏപ്രിലിലെ നികുതിയേക്കാള്‍ പെട്രോളിന് 248 ശതമാനവും ഡീസലിന് 794 ശതമാനവുമാണു ബിജെപി സര്‍ക്കാരിന്റെ കാലത്തു നികുതി കൂട്ടിയത്. പെട്രോളിന് 54 ശതമാനവും ഡീസലിന് 184 ശതമാനവും വാറ്റ് നികുതിയും കൂട്ടി.
മോദി സര്‍ക്കാര്‍ വന്നശേഷം ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ശരാശരി പകുതിയിലേറെ കുറവുണ്ടായപ്പോഴും നികുതികള്‍ കുത്തനെ കൂട്ടി കൊള്ള തുടരുന്നു.