തൃശൂർ: കോവിഡിന്റെ കാലത്തുപോലും എങ്ങനെയെങ്കിലും പിടിച്ചുനിൽക്കാൻ സാധിച്ചിരുന്നുവെങ്കിലും ഇപ്പോൾ എല്ലാം സാധാരണ നിലയിലേക്കെത്തുന്പോൾ ഒരു വിധത്തിലും ജീവിക്കാൻ അനുവദിക്കുന്നില്ലെന്നു ബസുടമകളും ലോറിയുടമകളും ഒരു പോലെ പറയുന്നു.
സാധാരണ ദിവസവും ആശങ്കയോടെയാണ് കോവിഡിന്റെ കണക്ക് കേട്ടുകൊണ്ടിരുന്നത്. ഇപ്പോൾ അതിലും പേടിയോടെയാണ് ദിവസവും ഡീസലിന്റെ വിലവർധന കേൾക്കുന്നത്. ദിനംപ്രതി ഉയർന്നുകൊണ്ടിരിക്കുന്ന ഡീസൽ വില പിടിച്ചുനിർത്താൻ സർക്കാരുകൾ തയാറായില്ലെങ്കിൽ ബസ് സർവീസ് മാത്രമല്ല, ലോറി സർവീസും തനിയെ നിർത്തേണ്ടിവരുന്ന സാഹചര്യമാണെന്ന് ഉടമകൾ പറഞ്ഞു.
ഡീസൽ വില വർധിപ്പിക്കുന്നതിനാൽ സാധാരണ ലോറിവാടകയിൽ സാധനങ്ങൾ അയൽ സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരാൻ സാധിക്കില്ല. ഇതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വൻ കുതിച്ചുകയറ്റം ഉണ്ടാകുമെന്നുറപ്പ്.
എന്നാൽ, നിസാര വാടക വർധന കൊണ്ടൊന്നും പ്രശ്നം പരിഹരിക്കപ്പെടില്ലെന്നാണ് ഉടമകളുടെ കണക്കുകൂട്ടൽ. കാരണം ദിനംപ്രതിയാണ് ഡീസലിന്റെ വിലവർധന. ദിവസവും വാടകയിലും വ്യത്യാസം വരുത്തേണ്ടിവരും.
ഇതോടെ അരിയുൾപ്പെടെയുള്ള പലചരക്കുസാധനങ്ങളുടെ വിലയിലും വ്യത്യാസം വരുത്തേണ്ടിവരുമെന്ന് വ്യാപാരികളും പറയുന്നു.കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരേ കാര്യമായി പ്രതികരിക്കാനോ ഇടപെടലുകൾ നടത്താനോ ആരും തയാറാകാത്തതു പ്രശ്നം കൂടുതൽ ഗുരുതരമാക്കുമെന്നാണ് എല്ലാവരുടേയും അഭിപ്രായം.
ഡീസൽ വിലവർധനയ്ക്കനുസരിച്ച് ബസ് ചാർജിലും വർധനയുണ്ടാകാതിരുന്നതാൽ ബസ് സർവീസുകളും ഇല്ലാതാകും. ഇതോടെ വലിയ ഒരു വിഭാഗം ആളുകൾക്ക് തൊഴിൽതന്നെ നഷ്ടമാകുന്ന സാഹചര്യമാണ്.
കോവിഡു കാലത്തു സംസ്ഥാന സർക്കാർ നികുതി കുറച്ചും മറ്റും സഹായം ചെയ്തതിനാലാണ് പിടിച്ചുനിൽക്കാൻതന്നെ കഴിഞ്ഞത്. യാത്രക്കാർ കുറവായതിനാൽ ഇപ്പോഴും പല ബസുകളും സർവീസ് ആരംഭിച്ചിട്ടില്ല. ടൂറിസ്റ്റ് ബസുകൾ എട്ടു മാസത്തിലധികമായി സർവീസ് നടത്തിയിട്ട്. ജീവനക്കാർ ജീവിക്കാൻ വേറെ വഴികൾ തേടിയിരിക്കയാണ്.