കൊച്ചി: കടിഞ്ഞാണില്ലാതെ ഇന്ധനവില വർധനവ് തുടരുന്നു. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ തുടർച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവിലയിൽ വർധനവുണ്ടായി. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് ലിറ്ററിനു ശരാശരി 81.32 രൂപയും ഡീസലിന് 74.16 രൂപയുമായി.
കൊച്ചിയിലാകട്ടെ പെട്രോൾ വില ലിറ്ററിനു 80 കടന്നു. 80.06 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്റെ കൊച്ചിയിലെ വില. ഡീസൽ വില ഉയർന്ന് ലിറ്ററിനു 72.98 രൂപയിലുമെത്തി. ശരാശരി മുപ്പത് പൈസയ്ക്കു മുകളിലാണ് പെട്രോളിന് സംസ്ഥാനത്തു വില ഉയർന്നിട്ടുള്ളത്.
കോഴിക്കോടും പെട്രോൾ വില 80 കടന്നു. ഡീസൽ വില ലിറ്ററിനു 73 രൂപയ്ക്കു മുകളിലായി. കഴിഞ്ഞ ഏപ്രിൽ 24നു ശേഷം മാറ്റമില്ലാതെ തുടരുകയായിരുന്ന ഇന്ധനവിലയാണു കർണാടക തെരഞ്ഞെടുപ്പിനുശേഷം കുതിച്ചത്.
ഇന്ധനവില പിടിച്ചുനിർത്താൻ ശ്രമം നടക്കുന്നുണ്ടെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കുന്പോഴും ഇതുവരെയായി ഇത്തരത്തിലുള്ള നിർദേശങ്ങൾ തങ്ങൾക്കു ലഭിച്ചിട്ടില്ലെന്നാണു ഓയിൽ കന്പനി അധികൃതർ വ്യക്തമാക്കുന്നത്. അതിനിടെ, എക്സൈസ് തീരുവ കുറയ്ക്കുന്നതു കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്നും വിവരമുണ്ട്.