സ്വന്തം ലേഖകന്
ന്യൂഡല്ഹി: ഇന്ധന വില വര്ധനയ്ക്കെതിരേ ആഞ്ഞടിച്ച് കോണ്ഗ്രസ്. പെട്രോളിയം ഉത്പ്പന്നങ്ങള്ക്കു മേല് ചുമത്തിയിരിക്കുന്ന അധിക എക്സൈസ് നികുതി ഒഴിവാക്കണമെന്നു കോണ്ഗ്രസ് ആവശ്യപ്പെട്ടു.
പെട്രോളിയും ഉതപ്പന്നങ്ങള്ക്ക് മേല് ചുമത്തിയിരിക്കുന്ന മോദി ടാക്സ് ഒഴിവാക്കണമെന്നാണ് കോണ്ഗ്രസ് ആവശ്യപ്പെട്ടത്. അധിക എക്സൈസ് നികുതി അടിയന്തരമായി പിന്വലിക്കണമെന്നും കോണ്ഗ്രസ് ആവശ്യപ്പെട്ടു.
അധിക നികുതി പിൻവലിക്കണം
പെട്രോളിയം ഉതപ്പന്നങ്ങള്ക്കു മേല് ചുമത്തിയിരിക്കുന്ന അധിക എക്സൈസ് തീരുവയില്നിന്നു മോദി സര്ക്കാര് 20 ലക്ഷം കോടി രൂപയില് ഏറെയാണ് പിരിച്ചെടുക്കുന്നതെന്നു കോണ്ഗ്രസ് വക്താവ് പവന് ഖേര ചൂണ്ടിക്കാട്ടി. പെട്രോളിയം ഉത്പ്പന്നങ്ങള്ക്കു മേല് ചുമത്തിയിരിക്കുന്ന അധിക മോദി ടാക്സ് ഉടന് പിന്വലിക്കണം.
കഴിഞ്ഞ ആറു വര്ഷവും എട്ടു മാസവുമായി ജനം ഇതിന്റെ ദുരിതം അനുഭവിക്കുകയാണ്. ഈ അധിക എക്സൈസ് നികുതി ഒഴിവാക്കിയാല് തന്നെ പെട്രോളിന്റെ വില ലിറ്ററിന് 61.2 രൂപയും ഡീസല് വില 47.51 രൂപയും ആകുമെന്നും പവന് ഖേര പറഞ്ഞു. ഇന്ത്യയിലെ എല്ലാ സാധാരണ ജനങ്ങളും ഇക്കാര്യത്തില് ആശ്വാസം അര്ഹിക്കുന്നുവെന്നും കോണ്ഗ്രസ് വക്താവ് പറഞ്ഞു.
ഓരോ പൗരനെക്കുറിച്ചും ഉത്തരവാദിത്തത്തോടെ ആലോചിക്കുകയും പ്രവര്ത്തിക്കുകയും ചെയ്യുന്ന ഒരു സര്ക്കാരിനെ ആണ് യഥാര്ഥത്തില് ഇന്ത്യ അര്ഹിക്കുന്നത്. അല്ലാതെ രാഹുല് ഗാന്ധി വിമര്ശിച്ചതു പോലെ കുത്തക മുതലാളിമാര്ക്കു വേണ്ടി നാം രണ്ട് നമുക്കും രണ്ട് എന്ന തരത്തില് പ്രവര്ത്തിക്കുന്ന സര്ക്കാരിനെ അല്ല ഈ രാജ്യത്തിനു വേണ്ടതെന്നും പവന് ഖേര കുറ്റപ്പെടുത്തി.
108 ഡോളർ വന്നപ്പോൾ
മുന് പ്രധാനമന്ത്രി മന്മോഹന് സിംഗ് അധികാരം ഒഴിയുമ്പോള് 2014 മേയ് പതിനാലിന് അന്താരാഷ്ട്ര വിപണിയില് ക്രൂഡ് ഓയില് വില ബാരലിന് 108 ഡോളറായിരുന്നു. എന്നിട്ടും പെട്രോളിന് ലിറ്ററിനു ഡല്ഹിയില് 71.51ഉം ഡീസലിന് 57.28ഉം ആിയിരുന്നു വില.
2021 ഫെബ്രുവരി ഒന്നിന് അന്താരാഷ്ട്ര വിപണിയില് ക്രൂഡ് ഓയില് വില ബാരലിന് 54.41 ഡോളറാണ്. എന്നാൽ, ഇന്ന് ഒരു ലിറ്റര് പെട്രോളിന്റെ വില 90 പിന്നിട്ടിരിക്കുന്നു. കേന്ദ്ര സര്ക്കാരിന്റെ മറ്റു ഭരണ പരാജയങ്ങള് മറച്ചു വെക്കാനും ശ്രദ്ധ തിരിക്കാനുമാണ് സര്ക്കാര് ഇത്തരത്തില് ഇന്ധന വിലയില് തീവെട്ടിക്കൊള്ള നടത്തുന്നതെന്നും കോണ്ഗ്രസ് വക്താവ് കുറ്റപ്പെടുത്തി.
അതിര്ത്തിയിലെ കുഴപ്പങ്ങള്, തൊഴിലില്ലായ്മ, ചെറുകിട വ്യാപാര മേഖലയിലെ തകര്ച്ച, പരാജയപ്പെട്ട വിദേശ നയങ്ങൾ, കാര്ഷിക പ്രതിസന്ധി, വനിത സുരക്ഷ എന്നിങ്ങനെ ഒരോ മേഖലയിലും ബിജെപി ഭരണം മൂലം ഇന്ത്യയുടെ അടിത്തറ തന്നെ ഇളകിക്കൊണ്ടിരിക്കുകയാണ്. സര്ക്കാര് സ്പോണ്സേര്ഡ് സംഘര്ഷങ്ങളല്ല, മറിച്ച് ഉത്തരവാദിത്ത ഭരണമാണ് രാജ്യം അര്ഹിക്കുന്നതെന്നും പവന് ഖേര ചൂണ്ടിക്കാട്ടി.