കൊച്ചി: പനന്പിള്ളിനഗറിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതികളുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം നടത്തിയതു സർക്കിൾ ഇൻസ്പെക്ടർമാരുടെയും സബ് ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ സയന്റിഫിക്, സൈബർ ടീമുകൾ ഉൾപ്പെട്ട 12 സംഘങ്ങൾ. കൊച്ചി നഗരത്തിലെ ഉൾപ്പെടെ നൂറോളം സ്ഥലങ്ങളിലെ സിസിടിവി കാമറകൾ പരിശോധിച്ച അധികൃതർ ഇരുന്നൂറോളംപേരെ ചോദ്യം ചെയ്യുകയും 1200 ഫോണ് വിളികൾ പരിശോധിക്കുകയും ചെയ്തു.
യുവതി ജോലി നോക്കുന്നതും താമസിക്കുന്നതും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധനയ്ക്കു വിധേയമാക്കി. ദിവസങ്ങൾ നീണ്ടുനിന്ന പരിശോധനയുടെ ഭാഗമായി പ്രതിയെ തിരിച്ചറിയാൻ സാധിച്ചിരുന്നെങ്കിലും ഈ സമയത്തിനുള്ളിൽ വിദേശത്തേയ്ക്കു കടന്നതിനാൽ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. പോലീസ് പല തവണ വിളിച്ച് നാട്ടിലെത്തണമെന്നും കീഴടങ്ങണമെന്നും ആവശ്യപ്പെട്ടെങ്കിലും ഓരോരോ കാരണങ്ങൾ പറഞ്ഞ് ഇയാൾ ഒഴിവാകുകയായിരുന്നു.
പിന്നീട് വിദേശകാര്യ മന്ത്രാലയം വഴി പോലീസ് ഇടപെട്ട് കേരളത്തിലെത്തിക്കുകയും നെടുന്പാശേരി വിമാനത്താവളത്തിൽവച്ച് ഇന്നലെ രാവിലെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കഴിഞ്ഞ മാർച്ച് 14ന് രാത്രി 7.40 ന് പനന്പിള്ളിനഗറിനു സമീപം നടന്ന സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് കുഴൽമന്ദം തച്ചന്പാറ പൂവത്തിങ്കൽ വീട്ടിൽ മനു(24)ആണ് പിടിയിലായത്.
നഗരത്തിലെ മാളിൽ ജോലി ചെയ്യുന്ന യുവതിയും കൂട്ടുകാരിയും ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് സ്കൂട്ടറിൽ മടങ്ങുംവഴി പിന്നാലെ ബൈക്കിൽ മുഖംമറച്ചെത്തിയ മനു ഇവരെ തടഞ്ഞുനിർത്തി കുപ്പിയിൽ കരുതിയിരുന്ന പെട്രോളെടുത്ത് അവരുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. പേടിച്ചരണ്ട പെണ്കുട്ടികൾ സ്കൂട്ടർ നിലത്തിട്ട് സമീപത്തെ കടയിലേക്ക് ഓടിക്കയറിയാണു രക്ഷപ്പെട്ടത്.
സ്വകാര്യ സ്ഥാപനത്തിൽ ഏവിയേഷൻ കോഴ്സിന് പഠിക്കുകയും ഒപ്പം പാർട്ട് ടൈമായി മാളിൽ ജോലി ചെയ്യുകയും ചെയ്യുന്ന യുവതിയെ ലക്ഷ്യംവച്ചായിരുന്നു ആക്രമണം. മനുവും അക്രമത്തിനിരയായ യുവതിയും തമ്മിൽ വർഷങ്ങളായി അടുപ്പമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ജനുവരിയിൽ അവധിക്ക് നാട്ടിലെത്തിയ മനു യുവതിയോട് വിവാഹാഭ്യർഥന നടത്തി. എന്നാൽ യുവതി സമ്മതിച്ചില്ല.
പിന്നീട് വിദേശത്തേക്കു പോയ മനു വീട്ടുകാരോ സുഹൃത്തുക്കളോ പോലുമറിയാതെ മാർച്ച് 11ന് തിരുവനന്തപുരത്ത് വിമാനമിറങ്ങി. തുടർന്ന് ബസിൽ കോയന്പത്തൂരിലേക്കു പോയി. അവിടെനിന്ന് ബൈക്ക് വാടകയ്ക്കെടുത്ത് പിറ്റേന്ന് കൊച്ചിയിലേക്കു പുറപ്പെട്ടു. വരുന്ന വഴിക്ക് വടക്കാഞ്ചേരിയിലെ പെട്രോൾ പന്പിൽനിന്നു കുപ്പിയിൽ പെട്രോൾ വാങ്ങുകയും ചെയ്തു.
എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്ത് മുറിയെടുത്ത് കൃത്യം നിർവഹിക്കാൻ അവസരം കാത്ത് കഴിഞ്ഞു. 13ന് ആക്രമണത്തിന് പദ്ധതിയിട്ടെങ്കിലും നടന്നില്ല. 14ന് രാവിലെ യുവതിയെ ഹോസ്റ്റൽ മുതൽ ജോലി സ്ഥലം വരെ പിന്തുടർന്നു. വൈകിട്ട് തിരിച്ചുള്ള യാത്രയിൽ യുവതിയെ ആക്രമിക്കുകയായിരുന്നുവെന്നാണു പോലീസ് പറയുന്നത്. കൃത്യത്തിനുശേഷം കൊച്ചിയിൽനിന്നു ട്രെയിൻമാർഗം ബംഗളൂരുവിലേക്കും അവിടെനിന്ന് വിദേശത്തേക്കും കടക്കുകയായിരുന്നു.