കൊച്ചി: കർണാടക നിയമസഭാ തെരഞ്ഞെടുപ്പുവരെ മാറ്റമില്ലാതെ തുടർന്ന ഇന്ധനവില തെരഞ്ഞെടുപ്പിനുശേഷം റോക്കറ്റ് പോലെ കുതിക്കുന്നു. തെരഞ്ഞെടുപ്പിനുശേഷം പെട്രോളിനും ഡീസിലിനും ഇതുവരെ ഒരു രൂപയുടെ വർധനവ് രേഖപ്പെടുത്തിയപ്പോൾ ഇന്നുമാത്രം രേഖപ്പെടുത്തിയതു മുപ്പത് പൈസയിലധികം വർധനവ്.
കൊച്ചിയിൽ ഇന്നത്തെ പെട്രോൾ വില ലിറ്ററിന് 78.45 രൂപയാണ്. മുപ്പത്തൊന്നു പൈസയുടെ വർധനവാണ് ഇന്നുമാത്രം ഉണ്ടായിട്ടുള്ളത്. അതേസമയം, ഡീസൽ വില മുപ്പത്തിമൂന്നു പൈസ വർധിച്ച് ലിറ്ററിന് 71.64 രൂപയായി.
സംസ്ഥാനത്തെ മറ്റ് ജില്ലകളിലും സമാനമായ രീതിയിലാണു വർധനവുണ്ടായിട്ടുള്ളത്. ശരാശരി മുപ്പതു പൈസയ്ക്കു മുകളിലാണു ഭൂരിഭാഗം ജില്ലയിലും ഇന്നത്തെ ഇന്ധനവില വർധനവ്. അതേസമയം, വരും ദിവസങ്ങളിലും പെട്രോൾ, ഡീസൽ വിലയിൽ വർധനുണ്ടാകുമെന്നാണു വിലയിരുത്തൽ.
കഴിഞ്ഞ 12 നായിരുന്നു കർണാടക നിയസമഭാ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ധന വില പിടിച്ചു നിർത്താൻ കന്പനികൾക്കു നിർദേശം നൽകിയെന്ന ആരോപണം കേന്ദ്രസർക്കാർ നിഷേധിക്കുന്പോഴും കഴിഞ്ഞ ഏപ്രിൽ 24നു ശേഷം ഇന്ധനവില മാറ്റമില്ലാതെ തുടരുകയായിരുന്നു. തെരഞ്ഞെടുപ്പിനുശേഷം തുടർച്ചയായി എല്ലാദിവസവും വില കൂട്ടി.
ശരാശരി 20 പൈസയായിരുന്നു പെട്രോളിന്റെ പ്രതിദിന വിലവർധന. രാജ്യാന്തരവിപണയിൽ ക്രൂഡ്ഓയിൽ വില വീപ്പയ്ക്ക് 80 ഡോളറിനു മുകളിലായ സ്ഥിതിക്ക് ഇന്ധനവില വർധന വരും ദിവസങ്ങളിൽ ശരവേഗത്തിലാകാണു സാധ്യത.