എടക്കര: ഭാര്യയെ പെട്രോളൊഴിച്ചു തീകൊളുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പോത്തുകൽ കവളപ്പാറ കോളനിയിലെ ശങ്കരൻകുട്ടി(42)യെയാണ് പോത്തുകൽ എസ്ഐ കെ. അബ്ബാസിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
ഇയാൾക്കെതിരേ 307ാംവകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇയാളുടെ ഭാര്യ സിന്ധു(36) 90 ശതമാനത്തിലധികം പൊള്ളലേറ്റു അത്യാസന്നനിലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
ഭാര്യയുമായി സ്ഥിരം വഴക്കിടാറുള്ള ശങ്കരൻകുട്ടി ഞായറാഴ്ച വീട്ടിലെ ഹാൾ അടച്ചിട്ട് പെട്രോൾ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. മരം മുറിക്കുന്ന മെഷീൻവാളിൽ ഒഴിക്കാൻ കരുതിയ പെട്രോളാണ് ഭാര്യയെ കത്തിക്കാൻ ഉപയോഗിച്ചത്.
പൊള്ളലേറ്റു ഗുരുതരാവസ്ഥയിൽ വാതിൽ തുറന്നു പുറത്തേക്കോടിയ സിന്ധുവിനെ നാട്ടുകാരും ബന്ധുക്കളും ചേർന്നു നിലന്പൂർ ജില്ലാ ആശുപത്രിയിലും തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലുമെത്തിക്കുകയായിരുന്നു.
കോഴിക്കോട് മജിസ്ട്രേറ്റ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മുന്പും ഇയാൾ ഭാര്യയുടെ മേൽ മണ്ണെണ്ണയൊഴിച്ച് കത്തിക്കാൻ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു.