പൂച്ചാക്കൽ : വീടിന് നേരെ പെട്രോൾ ബോംബാക്രമണം. മാരകായുധങ്ങളുമായെത്തിയ സംഘം വീട്ടുടമയെയും ഭാര്യയെയും വധിക്കാൻ ശ്രമിച്ചു. ചേർത്തല പള്ളിപ്പുറം പഞ്ചായത്തിൽ അഞ്ചാം വാർഡിൽ പടിഞ്ഞാറെ മംഗലത്ത് മുകുന്ദകുമാറിന്റെ വീടിന് നേരെയാണ് പെട്രോൾ ബോംബാക്രമണം നടത്തിയത്.
20 ഓളം വരുന്ന ആക്രമികൾ രാത്രി 11 ഓടെ മുകുന്ദകുമാറിന്റെ വീടിന് നേരെ പെട്രോൾ ബോംബെറിയുകയായിരുന്നു. വാതിലുകളും ജനലുകളും തകരുന്നു ശബ്ദം കേട്ട് പുറത്തിറങ്ങിയ മുകുന്ദകുമാറിനെയും ഭാര്യ ഉഷാകുമാരിയെയും അക്രമികൾ മാരകായുധങ്ങളുപയോഗിച്ച് വധിക്കാനൊരുങ്ങി സ്ഫോടനം ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയതിനെത്തുടർന്ന് അക്രമികൾ ഓടി രക്ഷപ്പെട്ടു.
തലനാരിഴയ്ക്കാണ് വീട്ടുകാർ രക്ഷപ്പെട്ടത്. വീടിന് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറും സ്കൂട്ടറും ബോംബേറിൽ കത്തിനശിച്ചു. അക്രമിയുടേതെന്ന് സംശയിക്കുന്ന ഒരു ഫോണ് വീടിനകത്തുനിന്നും പോലീസ് കണ്ടെടുത്തു. വീടിന് സമീപത്തും വാഹനത്തിനുസമീപത്തുമായി പൊട്ടാത്ത നിലയിൽ പെട്രോൾ ബോംബുകൾ കണ്ടെത്തി. 20 ഓളം ആക്രമികളുണ്ടായിരുന്നതിൽ രണ്ടുപേരാണ് വീടിന് അകത്തുകയറി വധശ്രമം നടത്തിയത്.
ചേർത്തല പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. സമീപത്തെ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രഭാരവാഹികൂടിയായ മുകുന്ദകുമാറും പ്രദേശത്തെ കുറച്ചാളുകളും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാകാം വീടാക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.