ചാത്തന്നൂർ: ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡി എസ് ജെ പി ) യുടെ തെരഞ്ഞെടുപ്പു പ്രചാരണവിഭാഗം മേധാവി ജയകുമാറിനെ ഇഎം സി സി ചെയർമാൻ ഷിജു വർഗീസിനെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘം വിശദമായി ചോദ്യം ചെയ്തു.
കുണ്ടറ നിയോജക മണ്ഡലത്തിൽ മത്സരിച്ച ഷിജുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം നല്കിയത് ദല്ലാൾ നന്ദകുമാറാണോ എന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ചോദ്യം ചെയ്യൽ.ദല്ലാൾ നന്ദകുമാറിനെ മാർച്ച് 18ന് ജയകുമാർ കണ്ടിരുന്നതായി ചോദ്യം ചെയ്യലിൽ വ്യക്തമായി.
ആഴക്കടൽ മത്സ്യബന്ധന കരാറിലൂടെ വിവാദമായ സ്ഥാപനമാണ് ഇ എം സി സി എന്ന അമേരിക്കൻ കമ്പനി.ഇതിന്റെ ചെയർമാൻ ഷിജു വർഗീസും കൂട്ടരും കുരീപ്പള്ളി പെട്രോൾ ബോംബ് ആക്രമണ കേസിൽ അറസ്റ്റിലായിരുന്നു. ഇതേ തുടർന്നാണ് ഷിജു വർഗീസിനെതിരെ വിശദമായ അന്വേഷണം നടത്തുന്നത്.
ഡി എസ് ജെ പി യുടെ തിരഞ്ഞെടുപ്പ് പ്രചരണ വിഭാഗത്തിന്റെ ചുമതലക്കാരനായിരുന്ന തൃപ്പൂണിത്തുറ സ്വദേശി ജയകുമാറിനെയാണ് അന്വേഷണ സംഘത്തലവൻ എ.സി.പി വൈ .നിസാമുദീന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തത്.രഞ്ഞെടുപ്പ് പ്രചാരണ ചെലവിനായി 10 ലക്ഷത്തിലേറെ രുപ ജയകുമാറിന്റെ അക്കൗണ്ടിലേക്ക് കൈമാറിയിരുന്നു.
എന്നാൽ ബോർഡ്, ബാനർ, പോസ്റ്റർ നോട്ടീസ് എന്നിവ അച്ചടിച്ച ഇനത്തിലും മറ്റുമായി 15 ലക്ഷത്തിലേറെ രൂപ ചെലവായി. അധികമായ തുക കടംവാങ്ങി. ഈ തുക ഇതുവരെ തിരിച്ചുകിട്ടിയിട്ടില്ലെന്നും മൊഴിനൽകി.ദല്ലാൾ നന്ദകുമാറല്ല, ഡിഎസ്ജെപിയുടെ അക്കൗണ്ടിൽ നിന്നാണ് ജയകുമാറിന് പണം നൽകിയതെന്ന് പോലീസ് കണ്ടെത്തി.
ഇതേ തുടർന്ന് ജയകുമാറിന്റെ മൊഴി രേഖപ്പെടുത്തി വിട്ടയച്ചു. ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ സ്ഥാനാർഥിയായി അരൂരിൽ മത്സരിച്ച സിനിമാ താരം പ്രിയങ്കയെ രണ്ടു ദിവസത്തിനകം ചോദ്യം ചെയ്യും. പ്രിയങ്കയുടെ കുഞ്ഞിന് അസുഖമായതിനാൽ ഹാജരാകുന്നതിന് രണ്ടു ദിവസത്തെ സാവകാശം അവർ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.