ചാത്തന്നൂർ: മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയ്ക്കെതിരെ കുണ്ടറയിൽ സ്ഥാനാർത്ഥിയായി മത്സരിച്ച ഇ എം സി സി എന്ന അമേരിക്കൻ കമ്പനിയുടെ ഡയറക്ടർ ഷിജു.എം.വർഗീസിന്റെ കാറിൽ പെട്രോൾ ബോംബ് എറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ഷിജുവർഗീസിനെയും മാനേജർ ശ്രീകാന്തിനേയും പോലീസ് കൊല്ലത്തെത്തിച്ചു.
ഇവിരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും. ചാത്തന്നൂർ എസിപി നാസറുദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ ഗോവയിൽനിന്ന് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു.
വോട്ടെടുപ്പ് ദിവസം കാറിനുനേരെയുള്ള പെട്രോൾ ബോംബ് ആക്രമണം ഷിജുവർഗീസും സംഘവും ചേർന്ന് ആസൂത്രണം ചെയ്തതാണെന്ന വിവരം പോലീസിന് ലഭിച്ചതോടെയാണ് ഷിജുവിനെ പിടികൂടിയത്.
ക്വട്ടേഷൻ സംഘാംഗമായ തിരുവനന്തപുരം മലയിൻകീഴ് ഭാഗ്യാലയത്തിൽ ബിനുകുമാറിനെ ഇന്നലെ പോലീസ് പിടികൂടിയിരുന്നു. ഇയാൾ സോളാർ തട്ടിപ്പ് കേസിലെ പ്രതി സരിതാനായരുടെ ബന്ധുവും സഹായിയുമായിരുന്നു.
ക്വട്ടേഷൻ സംഘത്തിൽപ്പെട്ട മറ്റൊരാൾ ഒളിവിലാണ്. ഇവരുടെ കാറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്നുപേരെയാണ് പോലീസ് അറസ്റ്റുചെയ്തത്.
പെട്രോൾ ബോംബെറിഞ്ഞത് വിനുകുമാറാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തശേഷം ഇന്നലെ കോടതിയിൽ ഹാജരാക്കി.
നിയമസഭാ തിരഞ്ഞെടുപ്പു നടന്ന ദിവസം പുലർച്ചേ അഞ്ചോടെയാണ് ഷിജുവിന്റെ കാറിന് നേരെ പെട്രോൾ ബോംബ് ആക്രമണമുണ്ടായത്.
കൊട്ടിയത്ത് താമസിച്ചിരുന്ന സ്ഥാനാർത്ഥികൂടിയായ ഷിജു മത്സരിക്കുന്ന കുണ്ടറ നിയോജക മണ്ഡലത്തിലേയ്ക്ക് സഹായിയായ പ്രേംകുമാറുമൊത്ത് പോകുമ്പോൾ കണ്ണനല്ലൂർ കുരിപ്പള്ളിക്ക് സമീപം വച്ചാണ് കാറിന് നേരെ പെട്രോൾ ബോംബ് ആക്രമണമുണ്ടായത്.
നാട്ടുകാർ ഓടിക്കുടുമ്പോഴേയ്ക്കും ഷിജു വർഗീസ് കാറിന് മുൻഭാഗത്തേയ്ക്ക് മാറി. പിന്നീട് കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിലെത്തി ഇയാൾ പരാതി നല്കുകയുമായിരുന്നു.
കാറിന് പിന്നാലെ മറ്റൊരു കാറിൽ എത്തിയ സംഘം പെട്രോൾ ബോംബ് എറിഞ്ഞ് തന്നെ അപായപ്പെടുത്താൻ ശ്രമിച്ചതെന്നായിരുന്നു ഷിജുവിന്റെ പരാതി. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയാണ് ഇതിന് പിന്നിലെന്ന് പരോക്ഷമായി ആരോപിക്കുകയും ചെയ് തു . ഇത് ഏറെ വിവാദത്തിന് ഇടവരുത്തിയിരുന്നു.