കടുത്തുരുത്തി: ആയാംകുടിയില്‍ അര്‍ധരാത്രിയില്‍ ആയാംകുടി കപ്പേള ജംഗ്ഷന് സമീപം വാടകയ്ക്കു താമസിക്കുന്ന ആയാംകുടി വടക്കേ കണ്ണന്തറ രാജപ്പന്റെ വീടിനു നേരെയാണ് അക്രമണം നടന്നത്.
ബിയര്‍ കുപ്പിയില്‍ മണ്ണെണ്ണ നിറച്ചു കത്തിച്ചെറിയുകയായിരുന്നു.ആദ്യത്തെ കുപ്പി മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ മുകളില്‍ വീണെങ്കിലും വീടിനു മുമ്പില്‍ കെട്ടിയിരുന്ന തോരണത്തില്‍ തട്ടിയതിനാല്‍ തീയണഞ്ഞതോടെ അപകടം ഒഴിവാകുയായിരുന്നു.
തീ പിടിച്ചിരുന്നെങ്കില്‍ മുറ്റത്തു പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയും ബൈക്കും കത്തി നശിക്കുമയിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. രണ്ടാമത്തേത് വീടിനു മുകളില്‍ വീണെങ്കിലും താഴേക്ക് ഉരുണ്ട് വീണു.
മുറ്റത്ത് വീണ് തീ പിടിച്ചെങ്കിലും അപകടമുണ്ടായില്ല.സംഭവം നടക്കുമ്പോള്‍ രാജപ്പന്റെ പ്രായമായ അമ്മയുള്‍പെടെ എല്ലാവരും വീട്ടിലുണ്ടായിരുന്നു.
വീട്ടുടമസ്ഥനായ രാജപ്പന് ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോള്‍ മൂന്ന് പേര് ബൈക്കില്‍ കയറി പോകുന്നത് കണ്ടതായി പോലീസിനോട് പറഞ്ഞിട്ടുണ്ട്.
കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. രാജപ്പന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.