കോട്ടയം: ഫയർഫോഴ്സ് സംഘം പെട്രോൾ സുരക്ഷിതമായി മറ്റൊരു ടാങ്കർ ലോറിയിലേക്കു മാറ്റിയതോടെ ടാങ്കർ ലോറിയിൽ ചോർച്ചയുണ്ടായതിനെത്തുടർന്നുള്ള ആശങ്കകൾക്കു വിരാമമായി.ഏഴുമണിക്കൂറോളം സമയമെടുത്താണ് ഇന്നലെ രാവിലെ 11നു തുടങ്ങിയ ആശങ്ക പരിഹരിക്കാൻ സാധിച്ചത്.
ടാങ്കറിന്റെ ചോർച്ചയുണ്ടായ അറയിൽ നിന്നു പെട്രോൾ സുരക്ഷിതമായി മാറ്റിയതോടെയാണ് ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും ആശങ്കയകന്നത്. കൊച്ചി ഇരുന്പനത്തുനിന്നു പെട്രോളുമായി തിരുവനന്തപുരം നെയ്യാറ്റിൻകരയിലേക്കു പോകുകയായിരുന്ന ലോറി കോട്ടയം നഗരത്തിലേക്ക് എത്തിയപ്പോഴാണ് ടാങ്കറിൽനിന്നു പെട്രോൾ ചോരുന്നതായി ബൈക്ക് യാത്രികന്റെ ശ്രദ്ധയിൽപ്പെട്ടത്.
ഉടൻതന്നെ ബൈക്ക് യാത്രക്കാരൻ വിവരം ടാങ്കർ ലോറി ഡ്രൈവറെ അറിയിച്ചു. ഡ്രൈവർ സുരക്ഷിതവും ആളൊഴിഞ്ഞ സ്ഥലവും കണ്ടെത്തി ടാങ്കർ ലോറി നാഗന്പടം ശ്രീമഹാദേവർ ക്ഷേത്രത്തിനു സമീപമുള്ള മൈതാനത്തേക്കു മാറ്റുകയായിരുന്നു. ഡ്രൈവർ അങ്കമാലി സ്വദേശി എൽദോയും സഹായി തിരുവനന്തപുരം സ്വദേശി ശ്രീജിത്തും ചേർന്നു കോട്ടയം ഫയർഫോഴ്സിൽ വിവരം അറിയിച്ചു.
മീനച്ചിലാറിനോടു ചേർന്ന് സ്ഥലത്താണ് ലോറി പാർക്കു ചെയ്തിരുന്നത്. ടാങ്കർ ലോറിയുടെ മൂന്ന് അറകളിലായി 12,000 ലിറ്റർ പെട്രോളിയമാണ് ഉണ്ടായിരുന്നത്. രണ്ട് അറകളിൽ ഡീസലും ഒരു അറയിൽ പെട്രോളുമായിരുന്നു. ആദ്യത്തെ അറയിലായിരുന്നു പെട്രോൾ. അറയുടെ വാൽവിൽനിന്നുമാണു പെട്രോൾ ചോർച്ചയുണ്ടായത്. ആദ്യം ചെറിയ തോതിലായിരുന്ന പെട്രോൾ ചോർച്ച അടയ്ക്കാൻ ശ്രമിച്ചപ്പോഴേക്കും വർധിക്കുകയായിരുന്നു.
തുടർന്ന് ഫയർഫോഴ്സ് അധികൃതർ എത്തി എംസീൽ ഉപയോഗിച്ചു ചോർച്ച തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഇരുന്പനത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം അധികൃതരെ വിവരമറിയിക്കുകയും പെട്രോൾ മറ്റൊരു ലോറിയിലേക്കു മാറ്റാൻ തീരുമാനിക്കുകയും ചെയ്തു.
ഉച്ചയോടെ ചിങ്ങവനത്തുനിന്നു ടാങ്കർ ലോറിയും 3.30നു ഇരുന്പനത്തുനിന്നു കന്പനിയിലെ ജീവനക്കാർ സാധന സാമ്രഗികളും എത്തിച്ചു പെട്രോൾ മറ്റൊരു ലോറിയിലേക്കു മാറ്റിയത്. രണ്ടര മണിക്കൂർ സമയമെടുത്താണു പെട്രോൾ പൂർണമായും മറ്റൊരു ടാങ്കർ ലോറിയിലേക്കു മാറ്റിയത്.
ഏഴു മണിക്കൂറോളം സമയമെടുത്ത് ഫയർഫോഴ്സ് സംഘം നിശ്ചിത ഇടവേളകളിൽ ടാങ്കർ ലോറിയിലേക്കു വെള്ളവും ഫോം കോന്പൗണ്ടും (സോപ്പ് കലർന്ന വെള്ളം) സ്പ്രേ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ അനൂപ് പി. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് സുരക്ഷയൊരുക്കിയത്.