പെരിന്തൽമണ്ണ: നഗരത്തിലെ പെട്രോൾ പന്പിലെത്തി ഒരു ലക്ഷം രൂപയുടെ കെട്ട് പന്പുടമയെ ഏൽപ്പിച്ച് യുവാവ് പറഞ്ഞതു കാരുണ്യം പൊഴിയുന്ന വാക്കുകൾ. കോവിഡ് കാലമല്ലേ, വരുമാനമില്ലാതെ ദുരിതത്തിലായ പെരിന്തൽമണ്ണയിലെ ഓട്ടോഡ്രൈവർമാർക്ക് അഞ്ചുലിറ്റർ വീതം ഇന്ധനം സൗജന്യമായി നൽകണം.
കാരുണ്യവാനായ ആ പണക്കാരനെ പരിചയമില്ലെങ്കിലും ഒരു നല്ലകാര്യത്തിനു സഹായിക്കാനെത്തിയ ആളാണെന്നു കരുതി പന്പ് ഉടമ പണം വാങ്ങിവച്ചു. പെട്രോൾ വിതരണവും തുടങ്ങി. നിമിഷങ്ങൾക്കകം സൗജന്യ ഇന്ധനവിതരണത്തെക്കുറിച്ചുള്ള സന്ദേശങ്ങൾ പെരിന്തൽമണ്ണയിലെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ കാട്ടുതീപോലെ പടർന്നു.
ഓട്ടോകൾ തിക്കും തിരക്കും കൂട്ടി പന്പിലെത്തി ഇന്ധനം നിറച്ചു. തിരക്കു മൂലം പന്പിന്റെ പ്രവർത്തനം കുറച്ചു നേരം തടസപ്പെട്ടു. എന്നാൽ ആഘോഷ നിമിഷങ്ങൾ ഏറെ നീണ്ടില്ല.
പണം നൽകിയ ആൾ മനോരോഗിയാണെന്നും വീട്ടിൽ നിന്ന് പണമെടുത്ത് പുറപ്പെട്ടതാണെന്നുമുള്ള വിവരം ഉടനെയെത്തി. ഇതോടെ ഒരു ലക്ഷം രൂപ വാങ്ങിവച്ച പന്പുടമയും സൗജന്യമായി ഇന്ധനം നിറച്ച ഓട്ടോ ഡ്രൈവർമാരും പരിഭ്രാന്തിയിലും ആശയക്കുഴപ്പത്തിലുമായി.
പെരിന്തൽമണ്ണ നഗരത്തിലെ പന്പിൽ ഇന്നലെ വൈകിട്ടാണ് സംഭവം. വലിയ തുകയുമായെത്തിയ അപരിചിതനെക്കുറിച്ച് അന്വേഷിക്കാനോ മറ്റോ നിൽക്കാതെ പന്പ് ജീവനക്കാർ ഇന്ധനവിതരണം ഏറ്റെടുത്തതിനെതിരെ വിമർശനമുയർന്നു. 35,000 രൂപയ്ക്കുള്ള ഇന്ധനം അതിനകം സൗജന്യമായി നൽകിയതായാണ് പന്പുടമ പറയുന്നത്.
പന്പിൽ പണം ഏൽപ്പിച്ച യുവാവിന്റെ സഹോദരനും കാര്യമറിയാതെ തന്റെ ഓട്ടോയിൽ സൗജന്യ ഇന്ധനം നിറച്ചിരുന്നു. അജ്ഞാതനായ യുവാവിന്റെ മഹാമനസ്കതയെക്കുറിച്ച് വീട്ടിലെത്തി ഇയാൾ വിവരിച്ചപ്പോഴാണ് മനോരോഗിയായ സഹോദരൻ താൻ തന്നെയാണ് ആ മഹാമനസ്കൻ എന്ന് വെളിപ്പെടുത്തിയത്.
ഇതോടെ വീട്ടുകാർ പന്പിലേക്കു കുതിച്ചു. എന്തു ചെയ്യണമെന്നറിയാതെ ആശങ്കയി ലാണ്് പന്പുടമയും ജീവനക്കാരും.