സീമ മോഹന്‍ലാല്‍
കൊച്ചി: പെട്രോളിനും ഡീസലിനും മൂന്നു വർഷത്തിനിടെ വില കുതിച്ചുയർന്നിട്ടും എണ്ണക്കന്പനികൾ കമ്മീഷൻ തുക പുതുക്കാത്തതിനെ തുടർന്ന് സംസ്ഥാനത്തെ പെട്രോള്‍ ഡീലര്‍മാര്‍ ഹൈക്കോടതിയിലേക്ക്.
കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കുറച്ചെങ്കിലും തങ്ങള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സംസ്ഥാനത്തെ പെട്രോള്‍ ഡീലര്‍മാര്‍ പറയുന്നു.
മൂന്നു വര്‍ഷം മുമ്പു പെട്രോളിന് 65 രൂപയും ഡീസലിന് 60 രൂപയും ഉണ്ടായിരുന്നപ്പോള്‍ ലഭിച്ചുകൊണ്ടിരുന്ന കമ്മീഷന് തന്നെയാണു പെട്രോള്‍ വില 100 കടന്നപ്പോഴും ലഭിക്കുന്നതെന്നു റീട്ടെയ്ൽ ഡീലര്‍മാര്‍ പറയുന്നു.
ഒരു ലോഡ് ഇന്ധനം വാങ്ങിക്കുമ്പോള്‍ പെട്രോൾ ലിറ്ററിന് 3.12 രൂപയും ഡീസലിന് 2.26 രൂപയുമാണ് ഒരു ഡീലര്‍ക്ക് ലഭിക്കുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഈ രീതി തന്നെയാണ് പിന്തുടരുന്നത്.
ഇന്ധനവിലയുടെ ശതമാനത്തിന് ആനുപാതികമായി കമ്മീഷന് നല്‍കണമെന്ന ആവശ്യവുമായി ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ഡീലേഴ്സ് അസോസിയേഷന് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.
ആറു മാസം കൂടുമ്പോള്‍ പമ്പുടമകള്‍ക്ക് കമ്മീഷനില്‍ വ്യത്യാസം വരുത്താമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ജലരേഖയായി മാറുകയാണ്. കാലാകാലങ്ങളായി കമ്മീഷനില്‍ ഭേദഗതി വരുത്താത്തതുമൂലം ഈ മേഖലയിലുള്ളവര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
മുമ്പ് ഒരു ലോഡ് മോട്ടോര്‍ സ്പിരിറ്റും(എംഎസ്) ഹൈ സ്പീഡ് ഡീസലും(എച്ച്എസ്പി) വാങ്ങണമെങ്കില്‍ നാലര ലക്ഷം രൂപ മുടക്കിയാല്‍ മതിയായിരുന്നു. ഇന്ധനവില റോക്കറ്റുപോലെ കുതിച്ചുയര്‍ന്നപ്പോള്‍ ആ തുക പന്ത്രണ്ടര ലക്ഷമായി വര്‍ധിച്ചു.
എന്നിട്ടും ഇന്ധന കമ്പനികള്‍ പഴയ നിരക്കില്‍ത്തന്നെയാണ് കമ്മീഷന് നല്‍കുന്നത്. ഒരു ലോഡ് ഇന്ധനത്തിന് എല്ലാ നികുതികളും ഉള്‍പ്പെടെ എണ്ണക്കമ്പനികള്‍ പതിമൂന്നര ലക്ഷം രൂപയാണ് ഡീലര്‍മാരില്‍ നിന്നും ഈടാക്കുന്നത്.
സംസ്ഥാനത്ത് മൂവായിരത്തിലധികം പെട്രോള്‍-ഡീസല്‍ ഡീലര്‍മാരാണുള്ളത്. എക്സൈസ് നികുതി ഇനത്തില്‍ പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് പത്തു രൂപയുമാണ് കുറച്ചിരിക്കുന്നത്.
പുതുക്കിയ നിരക്ക് ബുധനാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുകയും ചെയ്തു. ഉത്പന്നത്തിന്റെ വില അല്ല ടാക്സ് മാത്രമാണ് നിലവില്‍ കുറച്ചിരിക്കുന്നത്. പല പെട്രോള്‍ പമ്പ് ഉടമകളും അധിക വിലയ്ക്കാണ് ഇന്ധനം വാങ്ങി സംഭരിച്ചിരിക്കുന്നത്.
തങ്ങളില്‍നിന്ന് അധികമായി വാങ്ങിച്ച ടാക്സ് തിരിച്ചു തരണമെന്നാണ് ഡീലര്‍മാരുടെ ആവശ്യം.ഒരു പെട്രോള്‍ പമ്പില്‍ ഒരു ലക്ഷം ലിറ്റര്‍ ഇന്ധനം വരെ സംഭരിക്കാനാകും. ഇത്തരത്തിലാണ് പല പമ്പുകളിലും ഇന്ധനം സംഭരിച്ചിരിക്കുന്നത്. വില കുറയുന്നതിനനുസരിച്ച് കമ്പനികള്‍ കമ്മീഷനില്‍ മാറ്റം വരുത്തുന്നുമില്ല.
ഈ സാഹചര്യത്തില്‍ ഒരു പമ്പുടമയ്ക്ക് ആറ് ലക്ഷം രൂപ വരെ നിലവില്‍ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇക്കാരണങ്ങള്‍ കാണിച്ച് സര്‍ക്കാര്‍ അംഗീകൃത എണ്ണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം കമ്പനി ലിമിറ്റഡ് എന്നിവര്‍ക്ക് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ഡീലേഴ്സ് അസോസിയേഷന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ില്ല