രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ നാളെ മുതല്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ല.നോട്ട് ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ കാര്‍ഡ് സ്വീകരിക്കില്ലെന്ന പമ്പുടമകളുടെ തീരുമാനം ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാകും. കാര്‍ഡുവഴി ബില്ലടയ്ക്കുന്നതിന് ഒരു ശതമാനം ട്രാന്‍സാക്ഷന്‍ ഫീസ് ഏര്‍പ്പെടുത്താനുള്ള ബാങ്കുകളുടെ നീക്കമാണ് പമ്പുടമകളെ ഈ തീരുമാനത്തിലെത്തിച്ചത്. ട്രാന്‍സാക്ഷന്‍ ഫീസ് പമ്പുടമകളില്‍ നിന്നും ഈടാക്കാനാണ് ബാങ്കുകളുടെ തീരുമാനം. കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പമ്പുടമകളുടെ നിലപാട് തിരിച്ചടിയാണ്. കറന്‍സി രഹിത ഇടപാട് പ്രോത്സാഹിപ്പിക്കുന്നതിന് കാര്‍ഡ് ഉപയോഗിച്ച് അടിക്കുന്ന പെട്രോളിന് 0.75 ശതമാനം വിലക്കുറവ് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.
എണ്ണ വ്യാപാര കമ്പനികളാണ് പമ്പുടമകളുടെ ലാഭവിഹിതം നിശ്ചയിക്കുന്നത്. ഒരു ശതമാനം ട്രാന്‍സാക്ഷന്‍ ഫീസ് ഏര്‍പ്പെടുത്തിയാല്‍ തങ്ങളുടെ ലാഭവിഹിതത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പമ്പുടമകള്‍ പറയുന്നത്. രാജ്യത്തെ പെട്രോളിയം ഡീലര്‍മാരെല്ലാം ചേര്‍ന്ന് ഈ തീരുമാനത്തിലെത്തുകയായിരുന്നുവെന്ന് പെട്രോളിയം ഡീലേഴ്‌സ് പ്രതിനിധി രവീന്ദ്രനാഥ് പറഞ്ഞു.
രാജ്യത്തെ എല്ലാ പെട്രോളിയം ഡീലര്‍മാരും ചേര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തതെന്ന് പെട്രോളിയം ഡീലേഴ്‌സ് പ്രതിനിധി രവീന്ദ്രനാഥ് പറഞ്ഞു. തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും രവീന്ദ്രനാഥ് കൂട്ടിച്ചേര്‍ത്തു. എടിഎം ഉപയോഗത്തിനും കാര്‍ഡ് ഇടപാടുകള്‍ക്കും ഓണ്‍ലൈന്‍ മണി ട്രാന്‍സഫറിങ്ങിനും ബാങ്കുകള്‍ ചാര്‍ജ് ഈടാക്കുന്നതിനെതിരേ ജനരോഷം ഉയരുകയാണ്.പുതുവര്‍ഷം മുതല്‍ ഇത്രയും ദിവസമായിട്ടും ഇതിലൊരു നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകാത്തതില്‍ വിവിധ സംഘടനകള്‍ പ്രതിഷേധം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്.