തിരുവനന്തപുരം: ഇന്ധന വിലയിൽ ഇന്നും നേരിയ വർധന. പെട്രോളിന് 12 പൈസ വർധിച്ച് 77.90 രൂപയും ഡീസലിന് 14 പൈസ വർധിച്ച് 70.34 രൂപയുമായി. പെട്രോളിന് ഡൽഹിയിൽ അഞ്ചു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തി. ഡൽഹിയിൽ 73.95 രൂപയാണ് ഇന്നത്തെ വില.
കോൽക്കത്തയിൽ 76.66 രൂപയും മുബൈയിൽ 81.80 രൂപയും ചെന്നൈയിൽ 76.72 രൂപുമാണ് വില. ഡീസൽ വിലയും റെക്കോർഡ് ഉയരത്തിലാണ്. ഡൽഹിയിൽ 64.82 രൂപയും കോൽക്കത്തയിൽ 67.51 രൂപയും മുംബൈയിൽ 69.02 രൂപയും 68.38 രൂപയുമാണ്.
അതേസമയം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി കുറയ്ക്കില്ലെന്നാണ് കേന്ദ്രനിലപാട്. കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനും ധനസെക്രട്ടറി ഹസ്മുഖ് അധിയയും ഇക്കാര്യം തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ക്രൂഡ്ഓയിൽ വില കൂടുന്പോൾ ഉപഭോക്താവ് സഹിക്കേണ്ടിവരും എന്നാണു മന്ത്രി പറഞ്ഞത്.
എക്സൈസ് ഡ്യൂട്ടിയായി പിരിക്കുന്ന തുകയുടെ 42 ശതമാനം സംസ്ഥാനങ്ങൾക്കു നൽകുന്നു ണ്ടെന്നും മന്ത്രി അവകാശപ്പെട്ടു. ബാക്കി തുക എല്ലാ സംസ്ഥാനങ്ങളിലും വികസനപ്രവർത്തനങ്ങൾക്കായാണ് ചെലവാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നികുതി കുറയ്ക്കലിനെപ്പറ്റി ചിന്തിച്ചിട്ടില്ലെന്നും തീരുമാനമെടുത്താൽ അറിയിക്കുമെന്നുമാണ് ധനകാര്യസെക്രട്ടറി ഹസ്മുഖ് അധിയ മറ്റൊരു ചടങ്ങിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞത്.മൻമോഹൻസിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോൾ രാജ്യാന്തര വിലക്കയറ്റം മൂലം ക്രൂഡ് വില വീപ്പയ്ക്ക് 115 ഡോളർവരെ എത്തിയിരുന്നു. ഈ സാഹചര്യത്തിൽ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി ഗണ്യമായി കുറച്ചിരുന്നു.
നരേന്ദ്രമോദി പ്രധാനമന്ത്രിയായി ഏതാനും മാസം കഴിഞ്ഞപ്പോൾ ക്രൂഡ്ഓയിൽ വില താഴോട്ടുപോന്നു. ഒരവസരത്തിൽ വീപ്പയ്ക്ക് 40 ഡോളറിൽ താഴെയായി ക്രൂഡ് വില. ഈ സമയത്ത് കേന്ദ്രം പണ്ട് കുറച്ച എക്സൈസ് ഡ്യൂട്ടി ക്രമേണ കൂട്ടി. പെട്രോളിന് 2014 ജൂലൈയിൽ ലിറ്ററിന് 9.48 രൂപ ഉണ്ടായിരുന്ന ഡ്യൂട്ടി 2016 ജനുവരിയിൽ 21.48 രൂപയാക്കി.
12 രൂപയുടെ വർധന. ഡീസലിന് ഇതേ കാലയളവിൽ 3.56 രൂപയിൽനിന്ന് 17.33 രൂപയിലേക്കു വില കൂടി. 13.77 രൂപയുടെ വർധന. ഒൻപതു തവണയായി ഇങ്ങനെ ഡ്യൂട്ടി കൂട്ടിയതുമൂലം ഇവയിൽനിന്നു കേന്ദ്രത്തിനു കിട്ടുന്ന നികുതി 2013-14 ലെ 88,600 കോടി രൂപയിൽനിന്ന് 2016-17 ൽ 2,53,254 കോടി രൂപയായി ഉയർന്നു.
വിമർശനങ്ങളെത്തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ ഡ്യൂട്ടി ലിറ്ററിന് രണ്ടുരൂപവീതം കുറച്ചിരുന്നു. ഇപ്പോൾ ഒരുലിറ്റർ പെട്രോളിന് 19.48 രൂപയും ഡീസലിന് 15.33 രൂപയുമാണ് കേന്ദ്രം ഈടാക്കുന്നത്. ഇതിൽ എട്ടുരൂപ സംസ്ഥാനങ്ങൾക്കു വീതം നൽകാതിരിക്കാൻ റോഡും അടിസ്ഥാനസൗകര്യവും സെസ് ആണ്.