കത്തിക്കയറിക്കൊണ്ടിരുന്ന പെട്രോള്‍, ഡീസല്‍ വില രണ്ടരരൂപ കുറച്ചത്, ചെറുതെങ്കിലും വലിയ ആശ്വാസമായാണ് സാധാരണക്കാരായ ജനങ്ങള്‍ കണ്ടത്. എന്നാല്‍ വലിയ തിരിച്ചടി നല്‍കുന്നതിന് മുന്നോടിയായി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നാണ് ഇപ്പോള്‍ ജനങ്ങള്‍ക്ക് മനസിലാവുന്നത്.
കാരണം, ഇന്ധനവില രണ്ടര രൂപ കുറച്ചതിന് ശേഷമുള്ള തുടര്‍ച്ചയായ നാല് ദിവസവും പെട്രോളിനും ഡീസലിനും വില വര്‍ധിച്ചു. ഒക്ടോബര്‍ 5, 6, 7, 8 തീയതികളിലായി സംസ്ഥാനത്ത് ഡീസലിന് കൂടിയത് 90 പൈസ. 54 പൈസ പെട്രോളിനും വര്‍ധിച്ചു.
ഇന്ധനവില രണ്ടര രൂപ കുറച്ചെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പ്രഖ്യാപിച്ചത് ഈ മാസം നാലാം തീയതി. അപ്പോള്‍ കേരളത്തിലെ പെട്രോളിന്റെ ശരാശരി വില 86 രൂപ 36 പൈസയായിരുന്നു. നാലാം തീയതി വൈകിട്ടും, അഞ്ചാം തീയതിയുമായി വിലക്കുറവ് പ്രാബല്യത്തില്‍ വന്നപ്പോള്‍ 83 രൂപ 80 പൈസയായി അത് കുറഞ്ഞു.
ആറാം തീയതി 83 രൂപ 99 പൈസയായി ഉയര്‍ന്നു. ഏഴാം തീയതിയായപ്പോഴേക്കും 84 രൂപ 13 പൈസയായി. ഇന്നത്തെ വില 84 രൂപ 34 പൈസയാണ്. നാല് ദിവസം കൊണ്ട് കൂടിയത് 54 പൈസ.
ഡീസലിന്റെ വില, നാല് ദിവസം കൊണ്ട് 90 പൈസയാണ് കൂടിയത്. വിലക്കുറവ് പ്രഖ്യാപിച്ച ദിവസം 79 രൂപ 80 പൈസയായിരുന്നു വില. കുറവ് പ്രാബല്യത്തില്‍ വന്നപ്പോള്‍ 77 രൂപ 16 പൈസയായി അത് കുറഞ്ഞു. വില കുറഞ്ഞതിന്റെ പിറ്റേ ദിവസം 31 പൈസ കൂടി 77 രൂപ 47 പൈസയായി അത് ഉയര്‍ന്നു. ഏഴാം തീയതി വീണ്ടും 30 പൈസ കൂടി.
തിങ്കളാഴ്ചത്തെ കോഴിക്കോട്ടെ വില 78 രൂപ 6 പൈസയാണ്. കൊച്ചിയിലും, തിരുവനന്തപുരത്തും ചില മാറ്റങ്ങളുണ്ടാകും. കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ ഒന്നര രൂപ കുറയ്ക്കുകയും കമ്പനികള്‍ ഒരു രൂപ കുറയ്ക്കുകയും ചെയ്തപ്പോഴാണ് പെട്രോളിനും ഡീസലിനും രണ്ടര രൂപ കുറഞ്ഞത്.