ന്യൂഡൽഹി: പാചകവാതക വിലയ്ക്കു പിന്നാലെ ഇന്ധന വിലയും കുറയ്ക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്.
ദീപാവലിയോടനുബന്ധിച്ച് പെട്രോൾ, ഡീസൽ വില ലിറ്ററിനു മൂന്നു മുതൽ അഞ്ചു രൂപ വരെ കുറച്ചേക്കുമെന്ന് ജെഎം ഫിനാൻഷൽ ഇൻസ്റ്റിറ്റ്യൂഷണൽ സെക്യൂരിറ്റീസിന്റെ റിപ്പോർട്ടിൽ പറയുന്നു.
നവംബർ-ഡിസംബർ മാസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇതാണ് ഇന്ധന വില കുറയ്ക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നതെന്നാണു റിപ്പോർട്ടിൽ പറയുന്നത്.
ഇന്ധനവിലയിലുള്ള എക്സൈസ് തീരുവ/വാറ്റ് എന്നിവയിലൊന്നു കുറയ്ക്കാനാണു നീക്കം.നിലവിൽ ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനാൽ എണ്ണക്കന്പനികൾ വില കുറയ്ക്കാൻ സാധ്യത കുറവാണ്.
ക്രൂഡ് വില കുറഞ്ഞിരുന്ന സമയത്തും ഇന്ധനവില കുറയ്ക്കാൻ എണ്ണക്കന്പനികൾ തയാറായിരുന്നില്ല. അതുകൊണ്ടുതന്നെ വില കുറയ്ക്കാൻ എണ്ണക്കന്പനികളോടു കേന്ദ്രസർക്കാർ ആവശ്യപ്പെടാനും സാധ്യതയുണ്ട്.
കഴിഞ്ഞ മാസം അവസാനമാണു ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന് (14.2 കിലോഗ്രാം) കേന്ദ്രം 200 രൂപ കുറച്ചത്.