തൃശൂർ: പെട്രോൾ, ഡീസൽ വിൽപനയിൽ അഞ്ചുമാസത്തിനുള്ളിൽ സംസ്ഥാന സർക്കാരിനു നികുതിയിനത്തിൽ കിട്ടിയത് 3070.28 കോടി രൂപ. 2018 ജനുവരി ഒന്നുമുതൽ മേയ് 31 വരെയുള്ള കണക്കാണിത്. വർഷത്തിൽ ആറായിരം കോടി രൂപയിലധികമാണ് സംസ്ഥാന സർക്കാരിനു നികുതിയിനത്തിൽ അധികവരുമാനമായി ലഭിക്കുന്നതെന്നു വിവരാവകാശ രേഖപ്രകാരമുള്ള മറുപടിയിൽ പറയുന്നു.
പെട്രോളിൽ 30.08 ശതമാനവും ഡീസലിൽ 22.76 ശതമാനവുമാണ് സംസ്ഥാന സർക്കാരിനു ലഭിക്കുന്ന നികുതി. നികുതിവരുമാനത്തിലൂടെ ലഭിക്കുന്ന തുകയിൽനിന്ന് ഒരു രൂപ പോലും ജനങ്ങൾക്കു വിട്ടുകൊടുക്കില്ലെന്നു ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു കഴിഞ്ഞു.
ഇന്ധന നികുതിയിലൂടെ വൻ കൊള്ളയാണ് സർക്കാർ നടത്തുന്നത്. ഇതിലൂടെ ലഭിക്കുന്ന കോടികളുടെ കണക്ക് സംസ്ഥാന സർക്കാർ പുറത്തുവിട്ടിരുന്നില്ല. കേരളത്തിൽ നാലുമാസം മുന്പ് ഒരുരൂപ കുറവു വരുത്തിയിരുന്നു. ഇങ്ങനെ കുറവു വരുത്തിയപ്പോൾ സംസ്ഥാന സർക്കാരിനു പ്രതിവർഷം 488 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നുള്ള കണക്ക് ധനകാര്യ ഓഫീസിൽനിന്നു കൃത്യമായി നൽകിയിരുന്നു.
ഇന്ധന നികുതിയിലൂടെ സർക്കാരിനു ലഭിക്കുന്ന കോടികൾ എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന ചോദ്യത്തിന്, അറിയില്ലെന്നാണ് സംസ്ഥാന ചരക്കു സേവന നികുതി കമ്മീഷണർ നല്കിയ മറുപടി. ഇന്ധന നികുതിപ്പണം ഉപയോഗിച്ച് കേരളത്തിലെ വാഹനയുടമകൾക്ക് ഉപകാരമാകുന്ന വിധത്തിൽ എന്തെങ്കിലും പ്രവർത്തനം ചെയ്യുന്നുണ്ടോയെന്ന ചോദ്യത്തിന്, വിവരം ലഭ്യമല്ലെന്നും പറയുന്നു.
അപകടങ്ങൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ ട്രാഫിക് ബോധവത്കരണങ്ങൾക്കോ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കോ ഇന്ധന നികുതിയിൽനിന്നു കിട്ടുന്ന പണം നൽകാൻ സർക്കാർ തയാറാകുന്നില്ല. വാഹനയുടമകളിൽനിന്നു ലഭിക്കുന്ന പണത്തിന്റെ ഒരംശമെങ്കിലും അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടികൾക്കും റോഡുകളുടെ അറ്റകുറ്റപ്പണികൾക്കും നീക്കിവയ്ക്കണമെന്നാണ് ആവശ്യമുയരുന്നത്.
പ്രളയത്തിൽ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾക്കെങ്കിലും ഇന്ധനികുതിയിൽനിന്നു ലഭിക്കുന്ന വരുമാനത്തിൽനിന്നു നല്കാൻ സർക്കാർ തയാറാകുന്നില്ലത്രേ.