കൊച്ചി: കോവിഡ് പ്രതിസന്ധിയിൽ വലയുന്ന ജനത്തിന്റെ നടുവൊടിച്ചു സംസ്ഥാനത്ത് ഇന്ധനവില സര്‍വകാല റിക്കാര്‍ഡില്‍. പെട്രോളിന് 25 പൈസയുടെയും ഡീസലിനും 26 പൈസയുടെയും വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 85.81 രൂപയും ഡീസലിന് 79.96 രൂപയുമായി വർധിച്ചു.
തുടർച്ചയായി വില വർധിച്ചിട്ടും ഇടപെടാത്ത കേന്ദ്രസർക്കാർ നടപടിക്കെതിരേ ജനങ്ങൾക്കിടയിൽ കടുത്ത അമർഷമാണ് ഉയർന്നിരിക്കുന്നത്.
അന്താരാഷ്ട്ര വില കുറയുന്പോൾ അതിന്റെ ആനുകൂല്യം ജനത്തിനു നൽകാതെ നികുതി വർധിപ്പിക്കുകയും വില കൂടുന്പോൾ നികുതി കുറയ്ക്കാൻ തയാറാകാതെ ചൂഷണം നടത്തുകയും ചെയ്യുന്ന നിലപാടാണ് സർക്കാർ തുടരുന്നതെന്നാണ് ആക്ഷേപം.
കഴിഞ്ഞ നാലു ദിവസത്തിനിടെ ഒരു രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.
ക്രൂഡോയില്‍ വിലയില്‍ വന്ന മാറ്റമാണ് വിലവര്‍ധനവിനു കാരണം. കൂടിയ വിലയില്‍ വാങ്ങിയ ക്രൂഡോയിലിന് ആനൂപാതികമായ വിലയ്ക്കല്ല നിലവില്‍ ഇന്ധനം വില്‍ക്കുന്നതെന്നാണ് പെട്രോളിയം സംസ്കരണ മേഖലയുമായി ബന്ധപ്പെട്ടുള്ളവര്‍ പറയുന്നത്.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ്ഓയില്‍ വിലയ്ക്കനുസരിച്ച് ഇവിടെ 2.70 രൂപയുടെ വർധനവാണ് ഉണ്ടാകേണ്ടത് എന്നാണ് ഇവർ പറയുന്നത്. ഘട്ടംഘട്ടമായി ഒരു രൂപയുടെ വര്‍ധനവ് ഇതിനോടകം ഉണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇനി 1.70 രൂപയുടെ വര്‍ധനവ് കൂടി വരിത്തിയ ശേഷമേ ഇന്ധനവിലയില്‍ കുറവ് ഉണ്ടാകാന്‍ ഇടയുള്ളു.