ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഇന്ത്യയിൽ ഒരു ലിറ്റർ സാധാരണ പെട്രോളിന് 100 രൂപ കടന്നു. മധ്യപ്രദേശിലെ നാഗർബന്ദിലും രാജസ്ഥാനിലെ ഗംഗാനഗറിലുമാണ് യഥാക്രമം 100.40 രൂപയും 100.13 രൂപയുമായി കൂടിയത്.
ബ്രാൻഡഡ് പ്രിമീയം പെട്രോളിന് ഗംഗാനഗറിൽ 102.91 രൂപയായി.
നാഗർബന്ദിൽ ഡീസലിന് 90.81 രൂപയും ഗംഗാനഗറിൽ 92.13 രൂപയുമാണു പുതിയ വില.
പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 26 പൈസയും വീതം തുടർച്ചയായ ഒന്പതാം ദിവസവും കൂട്ടിയതോടെയാണ് രാജ്യത്ത് ജനങ്ങൾ പേടിസ്വപ്നം കണ്ടിരുന്ന 100 രൂപയിലേക്കു വില കൂടിയത്.
ഒന്പതു ദിവസത്തിനിടെ പെട്രോളിന് 2.59 രൂപയും ഡീസലിന് 2.82 രൂപയുമാണ് കൂട്ടിയത്.
കഴിഞ്ഞ വർഷം മാർച്ചിനു ശേഷം മാത്രം പെട്രോൾ ലിറ്ററിന് 20 രൂപയും (19.95) ഡീസലിന് 17.66 രൂപയും സർക്കാർ നികുതിയായി കൂട്ടി.
കേരളത്തിൽ തിരുവനന്തപുരത്ത് പെട്രോൾ വില 91.42 രൂപയും ഡീസലിന് 85.83 രൂപയുമായി. എറണാകുളത്ത് ഇന്നലെ പെട്രോളിന് 88.91 രൂപയും ഡീസലിന് 84.42 രൂപയുമാണു വില.
ഇന്ത്യക്കാർ പെട്രോളിനായി ചെലവഴിക്കുന്ന ഓരോ 100 രൂപയിലും 66 രൂപ നികുതിയായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഈടാക്കുന്നതാണ് ഇന്ധന വിലകൾ പൊള്ളിക്കുന്നത്.
ഇന്ത്യക്കാരുടെ ദിവസ വരുമാനത്തിൽ ശരാശരി 18 രൂപ വീതം ഇന്ധനച്ചെലവിനായി ഉപയോഗിക്കേണ്ടി വരുന്നുണ്ട്.
ലോകത്തുതന്നെ ഏറ്റവും കൂടിയ ഇന്ധന നികുതിയാണ് ഇന്ത്യയിൽ ഈടാക്കുന്നത്.
എക്സൈസ് തീരുവയായി മാത്രം കേന്ദ്രസർക്കാർ ഓരോ ലിറ്റർ പെട്രോളിനും 32.90 രൂപയും ഡീസലിന് 31.80 രൂപയുമാണു ജനങ്ങളിൽനിന്നു പിഴിഞ്ഞെടുക്കുന്നത്.
രണ്ടക്ക ഡിജിറ്റ് ഇനിയില്ല
ഇന്ധന വില നൂറു കടന്നതോടെ പരമാവധി രണ്ടക്കം വരെ വില കാണിച്ചിരുന്ന പെട്രോൾ പന്പിലെ മെഷീനും പ്രതിസന്ധിയിലായി.
പന്പുകളിലെ ഫ്യൂവൽ ഡിസ്പെൻസർ മെഷീനുകളിൽ 99.99 രൂപ വരെ ഡിസ്പ്ലെ ചെയ്യാൻ മാത്രമേ നിലവിൽ സംവിധാനമുള്ളൂ.
നാഗർബന്ദിലും ഗംഗാനഗറിലും പന്പുകളിലെ മെഷീനുകളിൽ ഇന്നലെ 00.40, 00.13 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് ചാർജ് ആയി കാണിച്ചത്.
ഉപഭോക്താവിനോട് അധികമായി 100 രൂപ വീതം ഓരോ ലിറ്ററിനും ചോദിച്ചു വാങ്ങേണ്ട ഗതികേടിലായിരുന്നു പന്പുകളിലെ ജീവനക്കാർ.