കോട്ടയം: ഗാന്ധിനഗറിലെ പെട്രോള്‍ പമ്പില്‍നിന്നും ആറു മാസം കൊണ്ട് ഏഴു ലക്ഷം രൂപയുടെ ഇന്ധനം മോഷ്ടിച്ച ജീവനക്കാരനും ഇന്ധനം നിറച്ച രണ്ട് വാഹന ഉടമകളും പിടിയിലായി. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്നു പേരെയും പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പെട്രോള്‍ പമ്പ് ജീവനക്കാരന് രാഹുല്‍, ബജാജ് ഫിനാന്‍സ് ജീവനക്കാരന് അമ്മഞ്ചേരി സ്വദേശി ടിജോ ജോണ്‍, മറ്റൊരു യുവാവ് എന്നിവരെയാണു കോട്ടയം ഗാന്ധിനഗര്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഇന്‍സ്പെക്ടര്‍ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങളായി ഗാന്ധിനഗറിലെ പെട്രോള്‍ പമ്പ് കേന്ദ്രീകരിച്ചു നടന്ന തട്ടിപ്പാണ് ഇപ്പോള്‍ പുറത്തു വന്നത്. ഗാന്ധിനഗര്‍ ജംഗ്ഷനില്‍ മെഡിക്കല്‍ കോളജ് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന പമ്പിലാണ് വ്യാപക ക്രമക്കേട് നടന്നിരുന്നത്.
പെട്രോള്‍ പമ്പില്‍ പുലര്‍ച്ചെ ടെസ്റ്റിനായി 30 ലിറ്റര്‍ ഇന്ധനം മാറ്റി വച്ചിരുന്നു. ഈ പെട്രോള്‍ പരിശോധനയ്ക്കുശേഷം തിരികെ ടാങ്കിലേക്ക് ഒഴിയ്ക്കണമെന്നാണ് ചട്ടം. പെട്രോള്‍ പമ്പില്‍ രാവിലെ ടെസ്റ്റ് ചെയ്ത ശേഷം മാത്രമേ വാഹനങ്ങളിലേക്ക് ഇന്ധനം അടിക്കാന്‍ പറ്റു.
ഈ പഴുത് മുതലെടുത്താണ് രാഹുല്‍ തട്ടിപ്പ് നടത്തിയത്. പുലര്‍ച്ചെ മൂന്നോടെ രാഹുല്‍ പമ്പില്‍ എത്തിയ ശേഷം ഇന്ധനം ടെസ്റ്റിനായി എടുക്കും. ടെസ്റ്റിനുശേഷം സിസിടിവിക്കു പുറം തിരിഞ്ഞുനിന്ന് ഇന്ധനം ടാങ്കിലേക്ക് ഒഴിക്കുന്നതായി കാണിക്കും.
ഇവിടെ എത്തുന്ന ടിജോ ജോണിനും മറ്റു പലര്‍ക്കും പല വാഹനങ്ങളിലായി ഇന്ധനം നിറച്ച് നല്‍കും. ബജാജ് ഫിനാന്‍സ് ജീവനക്കാരനായ ടിജോയ്ക്ക് 50 രൂപയ്ക്കാണ് ഇന്ധനം നല്‍കിയിരുന്നത്. സിസിടിവി കാമറയെ തെറ്റിദ്ധരിപ്പിക്കാന്‍ എടിഎം കാര്‍ഡ് സൈ്വപ്പിംഗ് മെഷീനില്‍ ഉരയ്ക്കുന്നതായി കാണിക്കും.
ഇത്തരത്തിലാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. കണക്കിലെ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടതോടെ പമ്പ് ഉടമ ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു സിസിടിവി കാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചാണു പ്രതികളെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസ് സംഘം മൂന്നു പ്രതികളെയും കസ്റ്റഡിയില്‍ എടുത്തു.
ബജാജ് ഫിനാന്‍സ് ജീവനക്കാരനായ ടിജോ പകുതി വിലയ്ക്ക് പെട്രോള്‍ വാങ്ങിയശേഷം ബജാജ് ഫിനാന്‍സില്‍നിന്നു ടിഎയും എഴുതി വാങ്ങിയിരുന്നതായി പോലീസ് പറഞ്ഞു. പമ്പില്‍നിന്നു പെട്രോളും ഡീസലും കൈപ്പറ്റിയ കൂടുതല്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.