വടകര: റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്ന് ഇന്ധനം മോഷ്ടിക്കുന്ന സംഘം വിലസുന്നു. പ്രധാനമായും ബൈക്കുകളിൽ നിന്നാണ് ഇന്ധനം ചോർത്തുന്നത്. രാവിലെ പാർക്ക് ചെയ്ത് മണിക്കൂറുകൾ കഴിഞ്ഞ് തിരികെ എത്തുന്പോൾ ഇന്ധനം കാലിയായ വാഹനമായിരിക്കും ഉടമകളെ സ്വാഗതം ചെയ്യുക. വലിയ ബുദ്ധിമുട്ടാണ് ഇതുമൂലമുണ്ടാകുന്നത്.
രാവിലെ റെയിൽവെ സ്റ്റേഷനു സമീപം നിർത്തിയ കാർത്തികപ്പള്ളിയിലെ ആദർശിന്റെ ഹീറോ ഹോണ്ട ബൈക്കിൽ നിന്ന് ഇന്ധനം ചോർത്തുകയുണ്ടായി. ഇത് നേരിൽ കാണാനും കഴിഞ്ഞു. ഇന്ധന ടാങ്കിനു താഴെ പ്ലാസ്റ്റിക് കുപ്പി കെട്ടിയിട്ടാണ് പെട്രോൾ ചോർത്തിയത്. ഉച്ചക്ക് ട്രെയിൻ ഇറങ്ങി എത്തിയ ആദർശും സുഹൃത്തും കാണുന്നത് വാഹനത്തിൽ കുപ്പി കെട്ടി ഇന്ധനം ചോർത്തുന്ന രംഗമാണ്.
ആരാണ് ഇത് ചെയ്തതെന്നു വ്യക്തമല്ലെങ്കിലും ഇരുവരും ബൈക്കിന് അടുത്തെത്തുന്പോഴേക്കും രണ്ടു പേർ സ്ഥലം വിട്ടതായി പറയുന്നു. പൊതുവെ ആദർശും സുഹൃത്തും വൈകുന്നേരമാണ് കോഴിക്കോട് നിന്നു മടങ്ങിയെത്താറ്. ഇന്നലെ ഉച്ചക്ക് എത്തിയതിനാൽ ഇന്ധനടാങ്ക് കാലിയാകാതെ രക്ഷപ്പെട്ടു. മലോൽമുക്കിലെ യുവാവിന്റെ ബുള്ളറ്റിൽ നിന്നും പെട്രോൾ ചോർത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ പോലീസ് കൂടുതൽ ജാഗ്രത പാലിക്കണമെന്ന ആവശ്യം ശക്തമാണ്.