കൊച്ചി: കാക്കനാട് കമ്യൂണിറ്റി സെന്ററിലെ ഒന്നാംനമ്പര്‍ മാവേലിപുരം ബൂത്തില്‍ വോട്ട് ചെയ്യാൻ എത്തിയവരെ സ്വീകരിച്ചത് അപൂര്‍വ അതിഥി.
സാനിറ്റൈസറുമായി കാത്തുനിന്ന അപരിചിതയായ സുന്ദരിയെ കണ്ടു വോട്ടര്‍മാര്‍ ആദ്യം അത്ഭുതപ്പെട്ടെങ്കിലും പിന്നെ കൗതുകത്തോടെ അടുത്തെത്തി.
ശരീരോഷ്മാവ് പരിശോധനയ്ക്കുശേഷം സുന്ദരി നല്കിയ സാനിറ്റൈസറും വാങ്ങി വോട്ടർമാർ ബൂത്തിലേക്ക്.
ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ അസിമോവ് റോബട്ടിക്സ് തയാറാക്കിയ ‘സായാബോട്ട്’ ആണ് വോട്ടര്‍മാര്‍ക്കു സഹായിയും കൗതുകക്കാഴ്ചയുമായത്.
ബൂത്ത് കവാടത്തിൽ ‘നമസ്കാരം’ പറഞ്ഞു സ്വീകരിച്ച റോബട്ട്, വോട്ടര്‍മാർ മാസ്ക് ധരിച്ചിട്ടുണ്ടോയെന്ന് ആദ്യം ഉറപ്പുവരുത്തി. മാസ്ക് ധരിച്ചിട്ടുണ്ടെങ്കില്‍ ‘നിങ്ങള്‍ മാസ്ക് ധരിച്ചിരിക്കുന്നു, നന്ദി’ എന്നു പറഞ്ഞു രണ്ടാംഘട്ടത്തിലേക്കു കടന്നു.
മാസ്ക് ധരിക്കാത്തവരെ കണ്ടപ്പോൾ ‘നിങ്ങള്‍ മാസ്ക് ധരിച്ചിട്ടില്ല, പോളിംഗ് ബൂത്തിലേക്ക് കടക്കാന്‍ മാസ്ക് ധരിക്കണ’ മെന്നു മുന്നറിയിപ്പ് നല്കി.
മാസ്ക് ശരിയായവിധം ധരിക്കാത്തവരെയും രണ്ടാംഘട്ട പരിശോധനയ്ക്കു റോബട്ട് പരിഗണിച്ചില്ല. ശരീരോഷ്മാവ് പരിശോധനയും സാനിറ്റൈസര്‍ കൈയില്‍ ഒഴിച്ചു നല്കുന്നതുമായിരുന്നു രണ്ടാംഘട്ടം.
ശരീരോഷ്മാവ് കൂടിയവരോടു ‘നിങ്ങളുടെ ടെമ്പറേച്ചര്‍ സാധാരണയിലും ഉയര്‍ന്നതാണ്, ഉടന്‍തന്നെ പോളിംഗ് ഓഫീസറെ അറിയിക്കുക’ എന്നു നിര്‍ദേശിച്ചു.
ഒരു മിനിറ്റില്‍ താഴെ സമയത്തിനുള്ളിൽ ഇവയെല്ലാം കഴിഞ്ഞു. രണ്ടു ദിവസം കൊണ്ടാണ് ഈ റോബട്ടിനെ ഇത്തരത്തില്‍ സജ്ജീകരിച്ചതെന്ന് അസിമോവ് റോബട്ടിക്സ് സിഇഒ ജയകൃഷ്ണന് പറഞ്ഞു.