കണ്ണൂർ: പെട്രോളിയം ഉത്പന്നങ്ങൾക്കു കേരള സർക്കാരും നികുതി കുറയ്ക്കാൻ തയാറാകണമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഉൾപ്പെടെ പെട്രോളിന്റെ പ്രാദേശിക നികുതി കുറച്ചിട്ടുണ്ട്. പെട്രോളിനു വില കുറക്കണമെന്നു തന്നെയാണു ബിജെപിയുടെ ആവശ്യം.
പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ തന്നെ കഴിഞ്ഞദിവസം ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അതുപോലെ പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ അനുകൂലമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ പൂർണമായും ഭരണസ്തംഭനമാണ്. ചീഫ് സെക്രട്ടറിയാണു സംസ്ഥാനം ഭരിക്കുന്നത്. എന്നാൽ ഭരണഘടനാപരമായി അതിന് അധികാരമില്ലാത്തതിനാൽ ഭരണം ഗവർണറെ ഏൽപ്പിക്കുകയാണു വേണ്ടത്. ഒരു മാസക്കാലമായി മന്ത്രിസഭാ യോഗം കൂടുന്നില്ല. പ്രധാന തീരുമാനങ്ങളൊന്നും എടുക്കുന്നില്ല. വാരാന്ത കാബിനറ്റ് യോഗം വേണ്ടെന്നു വച്ചു. അജണ്ടക്കു ദാരിദ്ര്യമുണ്ടെന്നാണു പറയുന്നത്.
ആരെയാണു നിങ്ങൾ വിഡ്ഢികളാക്കുന്നത്. പ്രളയത്തിനു പിന്നാലെ മാരകരോഗങ്ങൾ പടർന്നുപിടിക്കുകയാണ്. എന്നിട്ടും സർക്കാരിനു കുലുക്കമില്ല. സിപിഎമ്മിലെ ആന്തരിക സംഘർഷം കൊണ്ടാണു കാബിനറ്റ് യോഗം ചേരാത്തത്. കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിരിക്കുന്നു.
യോഗത്തിൽ അധ്യക്ഷത വഹിക്കാൻ മന്ത്രി ഇ.പി. ജയരാജനെ സമ്മതിക്കുന്നില്ല. കേരളത്തിലെ ജനങ്ങളുടെ കാര്യങ്ങൾ തീരുമാനിക്കാൻ ആളില്ലാത്ത അവസ്ഥയായിരിക്കുന്നു. കാബിനറ്റ് യോഗത്തിൽ ജയരാജനെ അധ്യക്ഷത വഹിക്കാൻ ഏൽപ്പിച്ചപ്പോൾ അദ്ദേഹം ഒരുപാട് സ്വപ്നം കണ്ടു. എന്നാൽ അധികാരം കൈമാറാനുള്ള പേപ്പറിൽ ഒപ്പിടുന്പോൾ പിണറായി വിജയനു കൈവിറച്ചു. അതുകൊണ്ടാണ് അധികാരങ്ങളൊന്നും നൽകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലേക്കു തീർഥാടകർക്കു യാത്രചെയ്യാൻ സാധിക്കാത്ത സാഹചര്യമാണു പന്പയിലും പരിസരത്തുമുണ്ടായിട്ടുള്ളത്. യാതനകൾ സഹിച്ചെത്തുന്ന അയ്യപ്പഭക്തരുടെ യാത്രാസൗകര്യം പോലും നിഷേധിക്കുകയാണ്. ഇവിടെ പ്രളയക്കെടുതിക്കു ശേഷം യാതൊരു നടപടിയും സ്വീകരിക്കാൻ സർക്കാർ തയാറാകാത്തതു പ്രതിഷേധാർഹമാണ്.
ലാഘവത്തോടെയാണ് ഇവിടത്തെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. നിലയ്ക്കലിൽനിന്നും പന്പയിലേക്കു ബസ് യാത്രാക്കൂലി വർധിപ്പിച്ച് അയ്യപ്പൻമാരെ കൊള്ളയടിക്കുകയാണ്. 62 രൂപയുണ്ടായിരുന്ന ടിക്കറ്റ് 80 രൂപയാക്കി. ഇവിടെ നിന്നുള്ള യാത്ര സർക്കാരിന്റെ കുത്തകയായി വച്ചിരിക്കുകയാണ്.
ശബരിമല യാത്രാദുരിതം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി സമരപരിപാടികൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് എ.കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, ട്രഷറർ സിജി ഉലഹന്നാൻ എന്നിവർ പ്രസംഗിച്ചു.